ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഡെന്‍മാര്‍ക്ക് സ്വദേശിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കുറ്റക്കാരെന്ന് ദല്‍ഹി തീസ്ഹസാരി കോടതി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
പ്രതികളായ മഹേന്ദ്ര എന്ന ഗഞ്ച (26), മൊഹദ് രാജ (22), രാജു (23), അര്‍ജുന്‍ (21), രാജു ധക്ക (22) എന്നിവരാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. മറ്റൊരു പ്രതിയായ ശ്യാം ലാല്‍ (55) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കേ ഫെബ്രുവരിയില്‍ മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ക്കുള്ള വിചാരണ കോടതി ഉപേക്ഷിച്ചു. മറ്റു മൂന്നൂ പേര്‍ കുട്ടിക്കുറ്റവാളികളാണ്. ഇവരുടെ വിചാരണ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡില്‍ പുരോഗമിക്കുകയാണ്.
മാനഭംഗം, മോഷണം, കൊലപാതകം ലക്ഷ്യമിട്ടുള്ള ആക്രമണം എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയിരുന്നത്.
2014 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം. ഡെന്‍മാര്‍ക്ക് സ്വദേശിനിയായ യുവതിയെ ന്യൂദല്‍ഹി റയില്‍വേ സ്‌റ്റേഷനിലെ ഡിവിഷണല്‍ റെയില്‍വേ ഓഫീസേഴ്‌സ് ക്ലബിനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
















