പുതുച്ചേരി: വി.ഐ.പി വാഹനങ്ങളിലുള്‍പ്പെടെ സൈറണുകള്‍ നിരോധിച്ചു കൊണ്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി ഉത്തരവിറക്കി. തന്റേതടക്കമുളള വി.ഐ.പി വാഹനങ്ങളിലും, എസ്‌കോര്‍ട്ട് വാഹനങ്ങളിലുമുളള സൈറണുകള്‍ നിരോധിച്ചു കൊണ്ടാണ് കിരണ്‍ ബേദി ഉത്തരവിറക്കിയിരിക്കുന്നത്.
ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങി അടിയന്തര സര്‍വീസുകളില്‍ മാത്രമേ ഇനി മുതല്‍ പുതുച്ചേരിയിലെ റോഡുകളില്‍ സൈറണ്‍ മുഴക്കി പായാന്‍ കഴിയൂ. ഇതുസംബന്ധിച്ച ഉത്തരവ് ഞായറാഴ്ചയാണ് ലഫ്.ഗവര്‍ണര്‍ ഇറക്കിയത്.
രാഷ്‌ട്രീയക്കാരോ മറ്റുള്ളവരോ പ്രത്യേക പരിഗണനകളൊന്നും പ്രതീക്ഷിക്കേണ്ടെന്ന് കിരണ്‍ ബേദി വ്യക്തമാക്കി. പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തടസ്സമാകുന്ന നടപടികള്‍ ഒഴിവാക്കുമെന്നും കിരണ്‍ ബേദി കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ച മുന്‍പാണ് കിരണ്‍ ബേദി പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ തൊഴിലാളികളോടൊപ്പം ചേര്‍ന്ന് ശുചീകരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കിരണ്‍ ബേദി പുതുച്ചേരി മാലിന്യമുക്തമാകുന്നതു വരെ എല്ലാ ഞായറാഴ്ചകളിലും ഈ പ്രവര്‍ത്തി തുടരുമെന്നു പ്രതിജ്ഞ ചെയ്തിരുന്നു.
















