ഇസ്ലാമാബാദ് : ഭാരതത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് രംഗത്ത്. ഭാരതം ഒരിക്കലും സമാധാന ചര്‍ച്ചകള്‍ക്കായി വാതില്‍ തുറന്നിട്ടില്ലെന്ന് സര്‍താജ് അസീസ് ആരോപിച്ചു. ഭാരത-പാക് ചര്‍ച്ച ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നുണ്ട്.
എന്നാല്‍ ചര്‍ച്ചകള്‍ക്കായി ഭാരതം ഒരിക്കലും വാതില്‍ തുറന്നിട്ടില്ല. ഭീകരവാദപ്രവര്‍ത്തനങ്ങളെ പാക്കിസ്ഥാന്‍ അമര്‍ച്ച ചെയ്യണമെന്നാണ് ഭാരതത്തിന്റെ ആവശ്യം. ഭീകരവാദത്തെ പൂര്‍ണമായും തുടച്ചുനീക്കാന്‍ ഏതു രാജ്യത്തിനാണ് കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. സമഗ്രമായ ചര്‍ച്ചകള്‍ നടന്നാല്‍ കശ്മീര്‍, ഭീകരവാദം തുടങ്ങി എല്ലാ വിഷയങ്ങളും ഉന്നയിക്കാന്‍ സാധിക്കും. ഒരു വിഷയത്തില്‍ മാത്രം കടിച്ചുതൂങ്ങുകയല്ല വേണ്ടത് അദ്ദേഹം പറഞ്ഞു.
അടുത്തിടെ കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ ഒരു പരാമര്‍ശത്തിന് മറുപടിയായിട്ടാണ് അസീസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചകളുടെ വാതില്‍ തുറന്നിട്ടിട്ടും ഇസ്ലാമാബാദില്‍ നിന്ന് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായില്ലെന്നായിരുന്നു പരീക്കറിന്റെ വാക്കുകള്‍.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പാക് സന്ദര്‍ശനത്തോടെ ആരംഭിച്ച ഭാരത- പാക് ചര്‍ച്ചകള്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തോടെയാണ് മുടങ്ങിയത്. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് തെളിവുകള്‍ നിരത്തി ഭാരതം വാദിച്ചെങ്കിലും അത് അംഗീകരിക്കാന്‍ ഇതുവരെ പാകിസ്താന്‍ തയ്യാറായിട്ടില്ല.
അടുത്തിടെയായി ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. സമാധാന ചര്‍ച്ചകളില്‍ നിന്നും ഭാരതം ഒളിച്ചോടുകയാണെന്ന് പാകിസ്താന്‍ ആരോപിച്ചപ്പോള്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തുന്നത് പാക് പിന്തുണയോടെ നടക്കുന്ന ഭീകരവാദമാണെന്നും ഭാരതം അഭിപ്രായപ്പെട്ടിരുന്നു.
















