മഥുര: മഥുരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സർക്കാരിനെതിരെ വ്യാപകമായി ആരോപണങ്ങൾ. ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ സർക്കാർ അധികൃതർ കണക്കിലെടുത്തില്ല എന്ന് തരത്തിലുള്ള ആരോപണങ്ങളാണ് പുറത്ത് വരുന്നത്.
സംഭവം നടന്ന ജവഹർ ബാഗ് പ്രദേശത്ത് ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ വെടിക്കോപ്പുകളും തോക്കുകളുമുണ്ടെന്ന് അറിയിച്ച 40 ഇന്റലിജൻസ് റിപ്പോർട്ടുകൾ സർക്കാർ പരിഗണനയിൽ എടുത്തില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിനു പുറമെ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട സൈനിക സഹായം സർക്കാർ നൽകിയില്ലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷം നടക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ ഇന്റലിജൻസ് വിഭാഗം ആയുധ ശേഖരത്തെക്കുറിച്ച് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ സ്വാധീന്‍ ഭാരത് വൈദിക് സത്യാഗ്രഹിലെ അംഗങ്ങൾ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും സർക്കാരിന് നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം സംഘർഷത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 29 ആയി. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
















