കണ്ണൂര്‍: എല്ലാ റീടെയില്‍ ഷോപ്പുകളിലും ജന്‍ഔഷധി കൗണ്ടറുകള്‍ തുടങ്ങണമെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രക്ഷിസ്റ്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഭാരത സര്‍ക്കാരിന്റെ ജന്‍ ഔഷധ പദ്ധതി ഭാരതത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് അത്താണിയായി മാറിയിട്ടുണ്ടെങ്കിലും ചില്ലറ വില്പനകേന്ദ്രങ്ങള്‍ ഇല്ലാത്തത് വലിയ ദുരിതമായി മാറിയിട്ടുണ്ട്. എല്ലാ റീടെയില്‍ ഷോപ്പുകളിലും ജന്‍ ഔഷധി ഷോപ്പുകള്‍ തുടങ്ങിയാല്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞവിലക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമാകും. അലോപ്പതി ഔഷധങ്ങള്‍ക്ക് ക്രമാതീതമായി വിലവര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം ഭാരതമടക്കമുള്ള ലോകരാഷ്‌ട്രങ്ങളെല്ലാം പങ്കാളികളായ ഗാട്ടുടമ്പടിയിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിലനിശ്ചയിക്കുന്നതുകൊണ്ടാണ്. ഇതുമൂലം ലോക കമ്പോളത്തിലെ ഔഷധവിലക്ക് സമാനമായ വില മരുന്നുകമ്പനികള്‍ക്ക് ഇന്ത്യയിലും ഈടാക്കാന്‍ കഴിയും. ഇത് കാലക്രമേണ സമ്പന്നര്‍ക്ക് മാത്രമേ അലോപ്പതി ബ്രാന്റുകള്‍ വാങ്ങുവാന്‍ കഴിയൂ എന്ന സ്ഥിതി വിശേഷമാണ് വരുത്തിത്തീര്‍ക്കുന്നത്. ഇതിനൊരു മാറ്റം വരുത്താന്‍ ഭാരത സര്‍ക്കാര്‍ നടപ്പിലാക്കിയ ജന്‍ ഔഷധ പദ്ധതികൊണ്ട് സാധ്യമാകും. ചില്ലറവില്‍പനശാലകള്‍ തുടങ്ങുമ്പോള്‍ അതിന് മുന്‍കൈയ്യെടുക്കുവാന്‍ ഒഷധ വ്യാപാരികള്‍ തയ്യാറാകുമെന്നും അസോസിയേഷന് അഭിപ്രായപ്പെട്ടു. ഇതിലൂടെ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലുള്ള രോഗികള്‍ക്കും തണലായി മാറുവാന്‍ ഔഷധ വ്യാപാര സമൂഹത്തിന് സാധിക്കണമെന്നാണ് ഔഷധ വ്യാപാര മേഖലയുടെ കാഴ്ചപ്പാടെന്ന് എകെസിഡിഎ ജില്ലാ സെക്രട്ടറി എം.വി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജനോപകാരപ്രദമായ ഇത്തരം കാര്യങ്ങളിലുള്ള തുടര്‍ നടപടികള്‍ ഇന്ന് ജവഹര്‍ ലൈബ്രറി ഹാളില്‍ ചേരുന്ന ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രക്ഷിസ്റ്റ് അസോസിയേഷന് വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗം പി.കെ.ശ്രീമതി എം.പി.ഉദ്ഘാടനം ചെയ്യും. എം.വി.ജയരാജന്‍ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡണ്ട് എ.എന്‍.മോഹനന്‍, ജനറല്‍ സെക്രട്ടറി തോമസ് രാജു, ജില്ലാ പ്രസിഡണ്ട് ബഷീര്‍ പള്ള്യത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.—
















