പന്മന: സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട എക്‌സൈസ് വകുപ്പ് ജീപ്പ് റോഡിന്റെ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് സിഐക്കും ഡ്രൈവര്‍ക്കും പരിക്ക്. കരുനാഗപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ട്രര്‍ അജിദാസ്(48), ജീപ്പ് ഡ്രൈവര്‍ ഷംസുദ്ദീന്‍(54) എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. ഇന്നലെ വൈകിട്ട് മൂന്നിന് ദേശീയപാതയില്‍ കന്നേറ്റില്‍ പന്മന സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം. കൊല്ലത്ത് എക്‌സൈസ് കമ്മീഷണറുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം കരുനാഗപ്പള്ളിയിലേക്ക് മടങ്ങുകയായിരുന്ന സിഐ സഞ്ചരിച്ച ജീപ്പ് അലക്ഷ്യമായി റോഡ് മുറിച്ചു കടന്ന സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാനായി ശ്രമിക്കുകയായിരുന്നു. കൈക്കും കാലിനും പരിക്കേറ്റ അജിദാസിനേയും തലക്കും കാലിനും പരിക്കേറ്റ ഷംസുദ്ദീനെയും നാട്ടുകാരാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ചവറ പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
















