ചെന്നൈ: രജനികാന്ത് പേരു കേട്ടാൽ ഒന്നു ഞെട്ടും, തൊട്ടതെല്ലാം പൊന്നാക്കുന്ന സിനിമ ലോകത്തെ തലൈവരുടെ പുത്തൻ പടം ‘കബാലി’ റിലീസിനു മുൻപേ റെക്കോഡുകൾ ഓരോന്നായി ഭേദിച്ച് ചരിത്രമാകുന്നു. റിലീസിന് മുൻപേ 200 കോടി നേടിക്കഴിഞ്ഞതാണ് ഏറ്റവും പുതിയ വാർത്ത.
നേരത്തെ യൂട്യൂബില്‍ രണ്ട് കോടിയിലേറെ ക്ലിക്കുകൾ നേടിയ ആദ്യ ഇന്ത്യൻ സിനിമ ടീസർ എന്ന ഖ്യാതിയും കബാലി സ്വന്തമാക്കിക്കഴിഞ്ഞു. 28 ദിവസം കൊണ്ടാണ് ടീസർ ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ വിതരണത്തിൽ നേടിയ വൻ ലാഭമാണ് ചിത്രത്തിന്റെ ഡിമാന്റ് കൂട്ടുന്നത്. വിവിധ പ്രദേശങ്ങളിലെ ചിത്രത്തിന്റെ തിയറ്റർ വിതരണാവകാശം വൻ തുകയ്ക്ക് വിറ്റുപോയി കഴിഞ്ഞു.
കർണാടകയിൽ രജനിയുടെ മുന്പടം ലിങ്കയുടെ നിര്‍മ്മാതാവായ റോക്ലിൻ വെങ്കിടേഷ് റെക്കോർഡ് തുകയ്ക്കാണ് വിതരണം സ്വന്തമാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പും വലിയ തുകയ്ക്ക് കരാർ ഉറപ്പിച്ച് കഴിഞ്ഞു. ചെന്നൈയിലെ ചെങ്കൽപേട്ട് ഭാഗത്തെ വിതരണത്തിന് മാത്രം മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍ 16 കോടിയാണ് കബാലി നിര്‍മ്മാതാക്കള്‍ക്ക് വാഗ്ദാനം ചെയ്തു എന്നും റിപ്പോര്‍ട്ടുണ്ട്.
കൂടാതെ ഹിന്ദി ഡബ്ബിംഗ് വിതരണവകാശം ലഭിക്കുന്നതിനായി ബോളിവുഡിൽ നിന്നുമുള്ള രണ്ട് പ്രമുഖ നിർമ്മാതാക്കൾ ചെന്നൈയിൽ തമ്പടിച്ചിരിക്കുകയാണ് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. സൂപ്പർ സ്റ്റാറിന്റെ ചിത്രത്തിന് ഭാരതത്തിൽ മാത്രമല്ല ആരാധകർ. ഫ്രാൻസിൽ റെക്കോഡ് രൂപയ്ക്കാണ് പടത്തിന്റെ വിതരണവകാശം വിറ്റു പോയത്, യൂറോപ്പിൽ മറ്റ് ഭാരതീയ ചിത്രങ്ങൾക്ക് ലഭിക്കാത്ത തുകയാണ് ഫ്രാൻസിൽ നിന്നും കബാലി നേടിയത്.
ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഏറെ ആരാധിക്കപ്പെടുന്ന നടനാണ് രജനികാന്ത്. ചൈനീസ് മൊഴിമാറ്റത്തിന് ഹോങ്കോങിൽ നിന്നുമുള്ള പ്രമുഖ കമ്പനി റെക്കോഡ് രൂപ നൽകാൻ തയ്യാറാണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഒരേ സമയം ചൈനയിലും ഹോങ്കോങിലും റിലീസ് ചെയ്യാൻ വേണ്ടിയാണ് കമ്പനി വൻ തുകയ്ക്ക് വിതരണവകാശം ആവശ്യപ്പെടുന്നത്.
ഭാരതത്തിൽ നാല് ഭാഷകളിൽ ( തമിൽ, ഹിന്ദി, മലയാളം, തെലുഗു) പടം റിലീസ് ആകുന്നുണ്ട്. ഏറ്റവും അധികം തീയറ്ററുകളിൽ ലോകമാനം റിലീസ് ചെയ്യുന്ന ആദ്യ ഭാരതീയ ചിത്രമാകുകയാണ് കബാലി. അയ്യായിരത്തോളം തിയറ്ററുകളിലാണ് പടം ജൂലൈ ഒന്നിന് റിലീസ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: