മൂന്നാര്‍: കഞ്ചാവിനെ വെല്ലുന്ന ലഹരി വസ്തുവായ മാജിക് മഷ്‌റൂം അഥവ മാന്ത്രിക കൂണ്‍ ജില്ലയില്‍ ആദ്യമായി മൂന്നാര്‍ എക്‌സൈസ് പിടികൂടി. ഇന്നലെ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കുണ്ടള ഡാമിന് സമീപത്ത് നിന്നും 13 ഗ്രാം തൂക്കം വരുന്ന ഉണക്ക കൂണ്‍ പിടികൂടിയത്. എക്‌സൈസിനെ കണ്ട പ്രതി മാജിക് മഷ്‌റൂം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ദേവികുളം കെഡിഎച്ച് എല്ലപ്പെട്ടി സെന്‍ട്രല്‍ സ്വദേശി മാരി (47) നെതിരെ എക്‌സൈസ് കേസെടുത്തു. കൊടൈക്കനാല്‍ മേഖലയില്‍ വ്യാപകമായ ഇത്തരം ലഹരി മരുന്നുകള്‍ മദ്യ നിരോധനത്തോടെയാണ് കേരളത്തിലേക്കെത്തുന്നത്.മൂന്നാര്‍ മേഖലയില്‍ ഇവ വ്യാപകമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജി പി നായര്‍ ഉദ്യോഗസ്ഥരായ കെ ബി ബഷീര്‍, രാജേഷ് കുമാര്‍, ജോസ്, അഗസ്റ്റിന്‍, ശശി എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.
തണുപ്പേറിയ ഇടങ്ങളില്‍ കാട്ടില്‍ കണ്ട് വരുന്ന മാന്ത്രിക കൂണ്‍ വിഷ കൂണ്‍ ഇനത്തില്‍ പെട്ടതാണ്. പ്രത്യേക രീതിയില്‍ ആണ് ഇവയുടെ നിര്‍മ്മാണം. കാട്ടില്‍ നിന്ന് ശേഖരിച്ച ശേഷം മാന്ത്രിക കൂണ്‍ ഉണക്കി സൂക്ഷിക്കും. ഒരു പ്രത്യേക സമയം തേനിലിട്ട് വച്ചതിന് ശേഷം കഴിക്കുകയാണ് രീതി. സംസ്ഥാനത്ത് തന്നെ ഇത്തരം കേസുകള്‍ വിരളമാണ്. ഇതിന്റെ ലഹരിയെ പറ്റി ഡ്രഗ്‌സ് വിഭാഗം പഠനം നടത്തി വരികയാണ്.
















