ചവറ: പട്ടികജാതി-വര്‍ഗകമ്മീഷന്‍ വീട് അനുവദിച്ചിട്ടും നടപടിയാകാത്തതിനെ തുടര്‍ന്ന കെട്ടുറപ്പില്ലാത്ത ഷെഡില്‍ പ്രായപൂര്‍ത്തിയായ മകള്‍ക്ക് കാവലായി പിതാവ്. തേവലക്കര കോവൂര്‍ പടിക്കല്‍ തെക്കതില്‍ സുരേഷ്‌കുമാറാണ് രാത്രിയില്‍ പോലും ഉറങ്ങാതെ കുടുംബത്തിന് കാവലിരിക്കുന്നത്. 2013ല്‍ കുടുംബത്തിന്റെ ദയനീയവസ്ഥ കാട്ടി പട്ടികജാതി കമ്മീഷന് പരാതി നല്‍കിയതിനെതുടര്‍ന്ന അന്നത്തെ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് പി.എന്‍ വിജയകുമാര്‍ നേരിട്ട് ഇവരുടെ വീട്ടില്‍ എത്തി നിജസ്ഥിതി മനസിലാക്കുകയും കുടുംബത്തിന് വീട് വച്ച് നല്‍കാന്‍ പട്ടികജാതി വികസന ആഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇവര്‍ സഞ്ചരിക്കുന്ന വഴിയില്‍ കെഎസ്ഇബി സ്ഥാപിച്ച വൈദ്യുതപോസ്റ്റുകള്‍ മാറ്റി വഴി സഞ്ചാരയോഗ്യമാക്കുവാനും ഇവ രണ്ടും പൂര്‍ത്തിയാക്കി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും നിര്‍ദേശിച്ചിരുു. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും വീടോ മറ്റ് അനുകൂല നടപടികളോ ഉണ്ടായില്ല. അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്നതിനാല്‍ ജോലിക്ക് പോകാന്‍ പോലും കഴിയാത്ത സുരേഷിന് ഇരുട്ടടിയായി ഉണ്ടായിരുന്ന ഷെഡും അടുത്തിടെ നിലംപൊത്തി. പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകള്‍ ആര്യ, ഭാര്യ ബിന്ദു, ഇളയ മക്കളായ അഭിജിത്ത്, ഭാഗ്യലഷ്മി എന്നിവര്‍ക്കൊപ്പം ടിന്‍ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച കുടിലേക്ക് സുരേഷ് താമസമാക്കി. പെരുമ്പാവൂര്‍ ദുരന്ത വാര്‍ത്ത പുറത്തുവന്നതോടെ കുടുംബം ഭീതിയിലാണ് കെട്ടുറപ്പില്ലാത്ത കുടിലില്‍ കഴിയുന്നത്. തന്റെ അസുഖങ്ങള്‍ കാര്യമാക്കാതെ മകള്‍ക്കും ഭാര്യക്കുമായി ഉറക്കമിളച്ച് സുരേഷ് കാവലിരിക്കുകയാണ് ചെയ്യുന്നത്. തന്റെ പരാതിയില്‍ ഒരുനാള്‍ അധികൃതര്‍ കണ്ണ് തുറക്കുമെന്നും അതിലൂടെ കെട്ടുറപ്പുള്ള വീട് ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഈ നിര്‍ധനനായ പിതാവ്.
















