അഞ്ചാലുംമൂട്: തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പെരിനാട് ഇടവട്ടത്ത് ബിജെപി പ്രവര്‍ത്തകന്‍ വിനോദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചാണ് കുണ്ടറയില്‍ വൈരാഗ്യരാഷ്‌ട്രീയത്തിന് വീണ്ടും തുടക്കം കുറിച്ചത്. പിന്നീട് തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വെള്ളിമണും പെരിനാടും കേന്ദ്രീകരിച്ചു നടന്ന അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടില്‍ പോലീസ് ഉറച്ചുനില്‍ക്കുന്നു. ഇതോടെ അക്രമം പ്രദേശങ്ങളില്‍ വ്യാപിക്കുകയായിരുന്നു. കുണ്ടറ സിഐയുടെ നഗ്നമായ കമ്മ്യൂണിസ്റ്റ് പ്രേമവും വിധേയത്വവും കൃത്യനിര്‍വഹണത്തില്‍ കാട്ടുമ്പോള്‍ അക്രമികള്‍ പ്രദേശത്ത് അഴിഞ്ഞാട്ടം നടത്തുന്നത് പതിവായി. അറസ്റ്റ് ചെയ്തത് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രം.
കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് സിപിഎം പ്രവര്‍ത്തകരുടെ വീടുകളും അക്രമിക്കപ്പെട്ടിരുന്നു. ഇതെല്ലാം നടക്കുന്നത് ഇരുട്ടിന്റെ മറവിലാണെന്നതാണ് മറ്റൊരു വസ്തുത. കടവൂരില്‍ ആര്‍എസ്എസ് നേതാവ് വിനോദിന്റെ ബൈക്ക് കത്തിച്ചവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പറയാതെ പറയുന്ന പോലീസ് ഇതൊന്നും നേതാക്കളുടെ അറിവോടെയാകില്ലെന്നും പറയുന്നു. എന്നാല്‍ ഇതുവരെയും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി സിപിഎമ്മിന്റെ സികെപി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ഏരിയാകമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. ഇതൊക്കെ ആസൂത്രിത സംഘര്‍ഷത്തിനുള്ള നീക്കമായി കാണേണ്ട പോലീസ് നിക്ഷപക്ഷ അന്വേഷണത്തിന് തയാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്. മാസങ്ങള്‍ക്ക് മുമ്പും കടവൂരില്‍ ഇതേ രീതിയില്‍ വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമം നടന്നിരുന്നു. നിരന്തരം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു. പോലീസ് പെട്രോളിംഗ് നടത്തുന്നതിന് മീറ്ററുകള്‍ക്കുള്ളിലാണ് ഇന്നലെ സിപിഎം ഓഫീസിന് നേരെയുണ്ടായ ഈ അക്രമവും. പ്രദേശത്ത് രാഷ്‌ട്രീയ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാന്‍ നടത്തുന്ന ശ്രമമാണ് കഞ്ചാവ് മാഫിയയുടെയും മതതീവ്രവാദികള്‍ക്കും ബന്ധമുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിരിക്കുകയാണ്. ബൈക്കുകളില്‍ കറങ്ങി നടത്തുന്ന അക്രമത്തിന് പിന്നില്‍ 17നും 25നും ഇടയില്‍ പ്രായമുള്ളവരാണെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. പറയുന്നതല്ലാതെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
















