അഹമ്മദാബാദ്: കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സത്യസന്ധമായ സര്‍ക്കാരിനെയാണ് ഭാരതത്തിന് ലഭിച്ചതെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന്റെ മുഖച്ഛായ മോശമാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്വാനി കുറ്റപ്പെടുത്തി.
വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പോകുന്നത്. അവ ഉടനെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്വാനി.
ബിജെപി സംഘടിപ്പിച്ച വികാസ് ആഘോഷത്തില്‍ പങ്കെടുക്കുവാനാണ് അദ്വാനി അഹമ്മദാബാദില്‍ എത്തിയത്. ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും രണ്ടാം വാര്‍ഷികത്തിന്റെയും ഭാഗമായിട്ടാണ് ബിജെപി പരിപാടി സംഘടിപ്പിച്ചത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നിരവധി വികസന പദ്ധതികളാണ് നടപ്പാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് എന്തെല്ലാം അപവാദങ്ങള്‍ പ്രചരിപ്പിച്ചാലും ഭാരതത്തിലെ ജനങ്ങള്‍ ബിജെപിക്കും എന്‍ഡിഎ സര്‍ക്കാരിനുമൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ നടന്ന വികാസ് ഗൗരവ് യാത്രയിലും അദ്ദേഹം പങ്കെടുത്തു.
















