ശ്രീനഗർ: കശ്മീരിലെ ബാരമുള്ള ജില്ലയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. വ്യാഴാഴ്ച തുടങ്ങിയ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികളെ വധിച്ചു.
കൂടുതൽ ഭീകരവാദികൾ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം വെള്ളിയാഴ്ച രാവിലെ മുതൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയത്. ബാരമുള്ള ജില്ലയിലെ തങ്മാർഗ് ഗ്രാമത്തിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്. ഇന്ന് ഇതുവരെ ഇരു പക്ഷത്തും ആളപയമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
നേരത്തെ പ്രദേശത്ത് ആറ് ഭീകരർ നുഴഞ്ഞു കയറിയ വിവരം രാഷ്‌ട്രീയ റൈഫിൾ സേനയ്‌ക്ക് ലഭിച്ചിരുന്നു. രാവിലെ പാക്ക്-അധിനിവേശ കശ്മീർ വഴി നൗഗം പ്രദേശത്തേക്ക് കടന്നുവെന്ന വിവരമാണ് സൈന്യത്തിന് ലഭിച്ചത്. തുടർന്ന് ഭീകരർക്കെതിരെ രാഷ്ടീയ റൈഫിൾസ് വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരരെ വധിക്കാനായി, ഇനി മൂന്ന് ഭീകരരെ കൂടി വകവരുത്താനുണ്ടെന്ന് സേന വക്താക്കൾ അറിയിച്ചു.
















