ന്യുയോർക്ക്: ക്രമാതീതമായി സമുദ്ര നിരപ്പ് ഉയരുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് ഭീഷണിയാകുമെന്ന് റിപ്പോർട്ട്. ഐക്യരാഷ്‌ട്ര സഭയുടെ പരിസ്ഥിതി വകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2050ഓടു കൂടി ഇന്ത്യയിലെ 4 കോടിയോളം ജനങ്ങൾക്ക് സമുദ്രം അപകടം വിതയ്‌ക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൊൽക്കത്ത, മുംബൈ എന്നീ നഗരങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളെ സമുദ്രം പൂർണമായും വിഴുങ്ങുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പ്രദേശങ്ങൾ സമുദ്രത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ നഗരങ്ങളാണ്. കാലാവസ്ഥയിലുണ്ടായ വലിയ മാറ്റങ്ങളാണ് സമുദ്ര നിരപ്പ് ഉയരാനുള്ള പ്രധാന കാരണം. കടലെടുപ്പ് ഭീഷണി ഏറ്റവുമധികം നേരിടുന്ന 10 രാജ്യങ്ങൾ ഏഷ്യ – പസിഫിക് മേഖലയിലാണുള്ളത്. ജനസംഖ്യയിൽ ഉയർന്നു നിൽക്കുന്ന ഇന്ത്യ പട്ടികയിൽ ഏറെ മുന്നിലാണ്, ബംഗ്ലാദേശ്, ചൈന, ഫിലിപ്പീൻസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്കും കടലെടുപ്പ് ഭീഷണി നിലനിൽക്കുന്നുണ്ട്.
നഗരവത്കരണം, സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ നിർമ്മാണ പ്രവർത്തനങ്ങളുടെ രീതികൾ എന്നിവയെല്ലാം ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളിലേക്കും കാലാവസ്ഥാ മാറ്റത്തിലേക്കും നയിക്കുന്നുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. കൂടാതെ തീരദേശ നിയമങ്ങൾ അനുസരിക്കാതെ നടത്തുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നുണ്ട്.
















