അഹമ്മദാബാദ്: സബര്‍മതി എക്‌സ്പ്രസില്‍ 59 രാമസേവകരെ കൂട്ടക്കൊല ചെയ്ത കേസിലെ മുഖ്യപ്രതി ഫാറൂഖ് ഭന സംഭവം നടന്ന് 14 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. മധ്യ ഗുജറാത്തിലെ കലോല്‍ ടോള്‍ നകയ്‌ക്കു സമീപത്തുനിന്ന് ഇന്നലെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2002 ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശില്‍നിന്ന് രാമസേവകരുമായി വരുകയായിരുന്ന സബര്‍മതി എക്‌സ്പ്രസിനാണ് ഗോധ്ര സ്റ്റേഷനില്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ തീവെച്ചത്.
സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതല്‍ പേര്‍.
കൂട്ടക്കൊലയ്‌ക്കു മണിക്കൂറുകള്‍ക്കു മുന്‍പ് ഫെബ്രുവരി 27ന് രാത്രി ഗോധ്രയിലെ ഗസ്റ്റ് ഹൗസില്‍ അന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന ഫാറൂഖ് 20 പേരുടെ യോഗം വിളിച്ചുചേര്‍ത്തു. ഈ യോഗത്തിലാണ് കൂട്ടക്കൊല ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 30ലധികം പേര്‍ കേസിലെ പ്രതികളാണ്. കുറ്റപത്രത്തില്‍ പേരു വന്നതോടെയാണ് ഫാറൂഖ് ഉള്‍പ്പെടെ ആറു പേര്‍ ഒളിവില്‍ പോയത്.
















