ന്യൂദല്‍ഹി: ഗുരുതരമായ വൈകല്യങ്ങള്‍ ഉള്ള ശിശു ജനിക്കാന്‍ ഇടയാക്കിയതിന് ഇന്‍ഡോറിലെ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും 15 ലക്ഷം പിഴ. കുട്ടിയുടെ അമ്മ ഗര്‍ഭിണിയായിരിക്കെ ഡോക്ടര്‍മാര്‍ ചികില്‍സയില്‍ അശ്രദ്ധകാട്ടിയതാണ് ഇത്തരമൊരു കുട്ടി ജനിക്കാന്‍ ഇടയാക്കിയതെന്ന വാദം പരിഗണിച്ചാണ് പിഴ.ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് വിധി.
ഏഴു വയസുള്ള പെണ്‍കുട്ടിക്കുവേണ്ടി അമ്മയാണ് ഹര്‍ജി നല്‍കിയത്. ജനിച്ചപ്പോള്‍ തന്നെ കുട്ടിക്ക് ഇടതു കൈയും ഒരു വൃക്കയും ഉണ്ടായിരുന്നില്ല. പരിശോധനയില്‍ ജനിതക വൈകല്യങ്ങള്‍ കണ്ടെത്താമെന്നിരിക്കെ പരിശോധനാ ഫലങ്ങളില്‍ ശ്രദ്ധിച്ചില്ല. കൈകാലുകള്‍ സാധാരണ നിലയ്‌ക്കു തന്നെയാണെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. അള്‍ട്രാ സൗണ്ട് സോണോഗ്രഫി ശരിയായ രീതിയിലല്ല നടത്തിയത്. പരാതിയില്‍ പറയുന്നു.
ഭ്രൂണം തെറ്റായ രീതിയില്‍ കിടന്നിരുന്നതിനാലാണ് കുട്ടിക്ക് വൈകല്യമുണ്ടെന്ന് കണ്ടെത്താന്‍ കഴിയാതിരുന്നതെന്നായിരുന്നു ആശുപത്രി അധികൃതരുടേയും ഡോക്ടര്‍മാരുടേയും വാദം. വൈകല്യം ജനിക്കും മുന്‍പേ കണ്ടെത്തിയിരുന്നെങ്കില്‍ മാതാപിതാക്കള്‍ ഗര്‍ഭം അലസിപ്പിക്കുമായിരുന്നു.രോഗിയെ വിശദമായി പരിശോധിക്കാന്‍ ഡോക്ടര്‍ക്ക് ധാര്‍മ്മിക ബാധ്യതയുമുണ്ട്. കോടതി വിധിച്ചു.
















