മാഡ്രിഡ്: അടുത്ത മാസം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പിനുള്ള സാധ്യതാ ടീമിനെ സ്പാനിഷ് കോച്ച് വിന്‍സെന്റ് ഡെല്‍ ബോസ്‌ക് പ്രഖ്യാപിച്ചു. 25 അംഗ സാധ്യതാ ലിസ്റ്റില്‍ സൂപ്പര്‍താരങ്ങളായ അത്‌ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ്, ചെല്‍സി താരം ഡീഗോ കോസ്റ്റ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജുവാന്‍ മാട്ട, ബയേണിന്റെ സാവി മാര്‍ട്ടിനെസ്, ആഴ്‌സണലിന്റെ സാന്റി കാസൊര്‍ല, വലന്‍സിയയുടെ അല്‍കാസര്‍ തുടങ്ങിയവരെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
അതേസമയം അത്‌ലറ്റികോ മാഡ്രിഡിന്റെ സോള്‍ നിഗ്വെസ്, റയല്‍ മാഡ്രിഡിന്റെ ലൂക്കാസ് വാസ്‌ക്വെസ് തുടങ്ങിയ പുതുമുഖങ്ങള്‍ക്കൊപ്പം അത്‌ലറ്റിക് ബില്‍ബാവോയുടെ അരിറ്റ്‌സ് അഡ്യൂറിസ്, വിയ്യാറയല്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ സൊരിയാനോ, ബാഴ്‌സ സെന്റര്‍ ബാക്ക് മാര്‍ക്ക് ബാര്‍ത്ര എന്നിവര്‍ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു.
ബ്രസീലിയന്‍ വംശജനായ കോസ്റ്റ 2013-ല്‍ സ്പാനിഷ് പൗരത്വം സ്വീകരിച്ച ശേഷം പത്ത് മത്സരങ്ങളില്‍ കളിച്ചു. ആകെ ഒരു ഗോള്‍ മാത്രമാണ് നേടിയത്. അതേസമയം സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടോറസിന്റെ ഒഴിവാക്കല്‍ അപ്രതീക്ഷിതമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ മാട്ടയുടെ ഒഴിവാക്കലും അപ്രതീക്ഷിതാണെങ്കില്‍ കസൊര്‍ലയ്‌ക്ക് പരിക്കാണ് വിനയായത്.
മേയ് 29ന് ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിനയ്‌ക്കും ജൂണ്‍ 1ന് ദക്ഷിണ കൊറിയയ്‌ക്കും ജൂണ്‍ 7ന് ജോര്‍ജിയക്കുമെതിരെ സ്‌പെയിനിന് സൗഹൃദ മത്സരങ്ങളുണ്ട്. മേയ് 31ന് അന്തിമ ടീമിനെ പ്രഖ്യാപിക്കും. ഗ്രൂപ്പ് ഡിയില്‍ ചെക്ക് റിപ്പബ്ലിക്ക്, തുര്‍ക്കി, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്കൊപ്പമാണ് നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍ കളിക്കുക.
ടീം: ഗോള്‍ കീപ്പര്‍മാര്‍: ഐകര്‍ കസിയസ്, ഡേവിഡ് ഡി ഗിയ, സെര്‍ജിയോ റിക്കൊ.
പ്രതിരോധനിര: ജോര്‍ഡി ആല്‍ബ, ജെറാര്‍ഡ് പിക്വെ, മാര്‍ക് ബത്ര, സെര്‍ജിയോ റാമോസ്, ഡാനി കര്‍വാജല്‍, സെസാര്‍ അസ്പിലിക്യൂട്ട, യുവാന്‍ഫ്രാന്‍, മൈക്കല്‍ സാന്‍ജോസ്.
മധ്യനിര: സെര്‍ജിയോ ബുസ്‌കറ്റസ്, ആന്ദ്രെ ഇനിയേസ്റ്റ, ഡേവിഡ് സില്‍വ, കോകെ, സോള്‍ നിഗ്വെസ്, സെസ്‌ക് ഫാബ്രെഗസ്, തിയാഗോ അല്‍കാന്ററ, ഇസ്‌കൊ, ബ്രൂണോ സൊറിയാനൊ.
മുന്നേറ്റനിര: പെഡ്രോ റോഡ്രിഗസ്, അല്‍വരൊ മൊറാട്ട, ആരിറ്റ്‌സ് അഡ്യൂരിസ്, നൊലിറ്റൊ, ലൂക്കാസ് വാസ്‌ക്വെസ്.
















