കുന്‍ഷാന്‍ (ചൈന): വനിതകള്‍ക്കായുള്ള യൂബര്‍ കപ്പ് ബാഡ്മിന്റണ്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ തുടക്കം. നിലവിലെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യ 5-0ന് ഓസ്‌ട്രേലിയയെ തകര്‍ത്തു. മൂന്നു സിംഗിള്‍സിലും രണ്ട് ഡബിള്‍സിലും അനായാസ ജയം.
ആദ്യ സിംഗിള്‍സില്‍ ലോക എട്ടാം നമ്പര്‍ സൈന നേവാള്‍ 74ാം നമ്പര്‍ സുവാന്‍ യു വെന്‍ഡി ചെന്നിനെ കീഴടക്കി, സ്‌കോര്‍: 22-20, 21-14. ആദ്യ ഗെയിമില്‍ സൈനയ്‌ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി എതിരാളി. രണ്ടാം സിംഗിള്‍സില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേത്രി പി.വി. സിന്ധു, ജോയ് ലെയിയെയും തുരത്തി. ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് സുവാന്‍ – ഗ്രോനിയ സൊമെര്‍വില്ലെ ജോഡി എതിരാളികളേയായിരുന്നില്ല, സ്‌കോര്‍: 21-9, 21-15.
മൂന്നാം സിംഗിള്‍സില്‍ സാഫ് ഗെയിംസ് സ്വര്‍ണജേത്രി ഋതുവിക ശിവാനി ഗദ്ദെ 21-5, 21-11ന് ടിഫാനി ഹൊയെ കീഴടക്കി. രണ്ടാം ഡബിള്‍സില്‍ സിക്കി റെഡ്ഡി-സിന്ധു സഖ്യം ലീനെ ചോ-ജോയ് ലെയ് ജോഡിയെ തോല്‍പ്പിച്ചതോടെ ഇന്ത്യന്‍ ജയം സമ്പൂര്‍ണം, സ്‌കോര്‍: 21-12, 21-12. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ഇന്ന് ജര്‍മനി ഇന്ത്യയുടെ എതിരാളികള്‍.
















