റിയാദ്: സൗദി അറേബ്യയിൽ സൗജന്യ ആശയവിനിമയം സാധ്യമാക്കുന്ന ഫെയ്സ്ബുക്ക് മെസഞ്ചറിന് നിരോധനം ഏർപ്പെടുത്തുന്നുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ മെസഞ്ചർ നിരോധിക്കുന്നതിന് പിന്നിലുള്ള കാരണം സർക്കാർ വ്യക്തമാക്കുന്നില്ല.
സൗജന്യ ചാറ്റിങ്ങ് ആപ്ലിക്കേഷനുകൾ രാജ്യത്തെ ടെലികോം കമ്പനികളുടെ വരുമാനത്തിന് ഭീഷണിയാകുമെന്നുള്ള വിലയിരുത്തലിലാകാം നിരോധനമെന്ന് കരുതുന്നു. വാട്സാപ്പ്, വൈബർ എന്നിവ വഴി സംസാരിക്കാനുള്ള സൗകര്യം ആദ്യമേ എടുത്തു മാറ്റിയിരുന്നു. എന്നാൽ ടാൻഗോ, ലൈൻ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഇപ്പോഴും ഉപയോഗിച്ച് വരുന്നുണ്ട്.
ലക്ഷക്കണക്കിന് പ്രവാസികൾക്ക് വൻ തിരിച്ചടിയാവുകയാണ് മെസഞ്ചറിന്റെ നിരോധനം. വർധിച്ചുവരുന്ന ടെലിഫോൺ ബില്ലുകൾ കുറയ്‌ക്കാൻ പ്രവാസികൾ ആശ്രയിച്ചിരുന്നത് ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളെയായിരുന്നു. അതേസമയം വീഡിയോ, ഓഡിയോ ചാറ്റിങ്ങ് സൈറ്റുകൾക്കും രാജ്യത്ത് വിലക്ക് നിലനിൽക്കുന്നുണ്ട്.
















