ന്യൂദല്‍ഹി: പതിവിനു വിപരീതമായി കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം സംബന്ധിച്ച് സിപിഎം-കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ അവ്യക്തത തുടരുന്നു. വോട്ടെടുപ്പിന്റെ തലേന്നാള്‍ പോലും വ്യക്തമായ ഒരു കണക്ക് നല്‍കാന്‍ ഇരുപാര്‍ട്ടികള്‍ക്കും സാധിച്ചില്ല. തമിഴ്‌നാട്ടിലും ആസാമിലും ബംഗാളിലും പ്രതീക്ഷകളില്ലാത്ത ഇരുപാര്‍ട്ടികള്‍ക്കും കേരളത്തിലും വലിയ പ്രതീക്ഷകളോ അവകാശവാദങ്ങളോ ഇല്ലെന്നത് ശ്രദ്ധേയമായി.
കൃത്യമായ സീറ്റെണ്ണം പറയുന്നതില്‍ മിടുക്കരായിരുന്നു സിപിഎം. എന്നാല്‍, ഇത്തവണ ദേശീയ നേതൃത്വത്തോട് കൃത്യമായ സീറ്റെണ്ണം പറയാന്‍ സംസ്ഥാന കമ്മറ്റിക്ക് സാധിച്ചിട്ടില്ല. ദല്‍ഹിയിലെ എകെജി ഭവനിലേക്ക് ഇതുവരെ ഒരു പട്ടിക എത്തിയിട്ടുമില്ല. ഇടതു തരംഗം സംസ്ഥാനത്തുണ്ടായിട്ടില്ല എന്നതു തന്നെ കാരണം.
തമിഴ്‌നാട്ടിലും ആസാമിലും പ്രതീക്ഷകളൊട്ടുമില്ലാത്ത കോണ്‍ഗ്രസിന് ഏക പ്രതീക്ഷ കേരളത്തിലായിരുന്നു. എന്നാല്‍, ഭരണനഷ്ടം ഉറപ്പിച്ച പ്രതീതിയിലാണ് പാര്‍ട്ടി. 75 മുതല്‍ 80 സീറ്റുവരെ ലഭിക്കുമെന്ന് പരസ്യമായി പറയുന്ന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്റിനെ അറിയിച്ചത് കേവലഭൂരിപക്ഷമെത്തില്ലെന്ന കണക്കാണ്.
സോണിയാഗാന്ധിയുടെ പരിപാടികള്‍ക്ക് ആളുകളെ കിട്ടാത്തതും രാഹുല്‍ഗാന്ധിയെ കേരളത്തിലേക്ക് പ്രചാരണത്തിന് ഇറക്കാന്‍ പറ്റാത്ത സാഹചര്യം വന്നതും തിരിച്ചടിയായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. 40 സീറ്റുകള്‍ വിജയിക്കുമെന്ന് ആദ്യം അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ് ഇപ്പോഴത് 25-30 ആക്കി കുറച്ചിട്ടുണ്ട്.
സഖ്യകക്ഷികളുടെ പ്രകടനത്തിലാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുമ്പോള്‍ മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും അവരുടെ ഇടങ്ങളില്‍ വലിയ തിരിച്ചടി അഭിമുഖീകരിക്കുന്നു. സംസ്ഥാന നേതാക്കള്‍ക്ക് ആത്മവിശ്വാസം നഷ്ടമായിരിക്കെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും അവകാശം പറയാന്‍ തയ്യാറല്ല.
ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിലെ വലിയ ഒരു വിഭാഗം എന്‍ഡിഎയ്‌ക്കൊപ്പം പോയതിനെ പ്രതിരോധിക്കാന്‍ രണ്ടുമാസം നീണ്ട പ്രചാരണത്തിനു ശേഷവും ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ല. കേരളത്തിലെ 50ലേറെ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന കാര്യവും സിപിഎം ദേശീയ നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്.
പ്രചാരണത്തിന്റെ അവസാന നാളുകളിലേക്കെത്തിയപ്പോള്‍ ഇടതു-വലതു പക്ഷങ്ങളുടെമേല്‍ നിരവധി മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണി മേല്‍ക്കൈ നേടിയെന്നതാണ് ഇരുമുന്നണികളുടേയും ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. കൊട്ടിക്കലാശത്തിലുള്‍പ്പെടെ എന്‍ഡിഎ വ്യക്തമായ ആധിപത്യമാണ് കാഴ്ചവെച്ചതെന്നും സിപിഎം-കോണ്‍ഗ്രസ് ദേശീയ നേതൃത്വങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.
















