പാട്ന:റെയിൽവെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തി അക്രമികൾ റൈഫിളുകൾ കവർന്നു. വെടിവെപ്പിൽ മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് സൈനികർക്കെതിരെ ആക്രമണം നടന്നത്.
ബീഹാറിലെ പാട്നയിൽ നിന്നും യാത്ര തിരിച്ച മുഗൾ സാരായി ബക്സർ പാസഞ്ചർ ട്രെയിനിലെ സുരക്ഷാ ഭടൻമാരായിരുന്നു അഭിഷേക് സിംഗും നന്ദലാൽ യാദവും. ഇവരെ അഞ്ജാതരായ ആറ് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. തുടർന്ന് വെടിയേറ്റ് നിലത്തു വീണ ഇവരുടെ പക്കൽ നിന്നും രണ്ട് അസാസിൻ റൈഫിളുകൾ മോഷ്ടിച്ച് അക്രമികൾ കടന്നു കളയുകയായിരുന്നു.
തുടർന്ന് മറ്റ് യാത്രക്കാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഭിഷേക് സിംഗ് മരണപ്പെട്ടു. യാദവിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. റൈഫിളുകൾ മോഷ്ടിക്കുന്നതിനു വേണ്ടി മാത്രമാണ് സൈനികരെ കൊലപ്പെടുത്തിയതെന്ന് റെയിൽവെ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര മിശ്ര പറഞ്ഞു.
















