കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ പോളിങ്ങ് ബൂത്തുകളിലേക്ക് ആവശ്യമായ ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളില്‍ ബാലറ്റുകള്‍ ക്രമീകരിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. 11 നിയമസഭാ മണ്ഡലങ്ങളിലെയും ബാലറ്റുകള്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ക്രമീകരിച്ചത്. വൈകിട്ടോടെ ഇവ ഓരോ മണ്ഡലത്തിന്റെയും വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി.
ജില്ലയിലെ 1629 ബൂത്തുകളിലേക്ക് ആവശ്യമായ 1949 ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോളിങ്ങ് യൂനിറ്റുകളുമാണ് സജ്ജമാക്കിയത്. 20 ശതമാനം റിസര്‍വ് ബാലറ്റ് യൂനിറ്റുകള്‍ ഉള്‍പ്പെടെയാണിത്. ജില്ലയില്‍ ലഭ്യമായ 2034 വോട്ടിങ്ങ് യന്ത്രങ്ങള്‍ നേരത്തെ ഒന്നാംഘട്ട പരിശോധന നടത്തി പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കിയിരുന്നു. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 42 ബൂത്തുകളിലേക്ക് 7 റിസര്‍വ് യന്ത്രം ഉള്‍പ്പെടെ 49 വിവിപാറ്റ് യന്ത്രവും ക്രമീകരിച്ചു.
















