കണ്ണൂര്‍: ജില്ലയിലെ മാതൃകാ പോളിങ്ങ് ബൂത്തുകളില്‍ പ്രഥമശുശ്രൂഷ പരിചരണം ഏര്‍പ്പെടുത്തുന്നു. വോട്ടുചെയ്യാനെത്തുന്നവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ സഹായത്തിന് ആശാ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നു. മാതൃകാ പോളിങ്ങ് സ്റ്റേഷനുകളായി തെരഞ്ഞെടുത്ത ജില്ലയിലെ 150 ബൂത്തുകളിലാണ് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലുള്ള 150 ആശാ പ്രവര്‍ത്തകരെയാണ് പോളിങ്ങ് സ്റ്റേഷനുകളില്‍ പ്രഥമശുശ്രൂഷ നല്‍കാനായി നിയോഗിക്കുന്നത്. വീല്‍ചെയര്‍, മറ്റ് സഹായ ഉപകരണങ്ങള്‍, ഒആര്‍എസ് ലായിനി തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്ത്യയിലാദ്യമായി മാതൃകാ പോളിങ്ങ് സ്റ്റേഷനില്‍ ആശാ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കിയിരിക്കുന്നു. ഇത് സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപ്പിക്കുവാന്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് കമ്മീഷന്ഡ തീരുമാനിക്കുകയായിരുന്നു.
ആശാ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം കണ്ണൂരില്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എസ്.സിദ്ധാര്‍ത്ഥന്‍ പരിശീലനം നല്‍കി. പരിശീലനത്തിന് ജില്ലാ ആശാ കോര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ്ജ് എ.കെ.സനോജ്, ജില്ലാ ഡോക്യുമെന്റേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ആഗ്നല്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ദിവസം പോളിങ്ങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് ശാരീരിക പ്രയാസങ്ങളില്ലാതെ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യമാണ് മാതൃകാ പോളിങ്ങ് സ്റ്റേഷനിലെ പ്രഥമശു്രശ്രൂഷാ ടീമിനുള്ളത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവര്‍ സംയുക്തമായി ഈ സേവനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
















