ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ സ്ഫോടക വസ്തുക്കൾ നിറച്ച മിനിവാൻ പൊട്ടിത്തെറിച്ച് 50 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷിയാ മുസ്ലീമുകൾ തിങ്ങിപ്പാർക്കുന്ന സദർ നഗരത്തിലെ മാർക്കറ്റിലാണ് വാൻ പൊട്ടിത്തെറിച്ചത്.
ഐസിസ് ചാവേർ എന്ന് കരുതുന്നയാളാണ് മാർക്കറ്റിന്റെ തിരക്കേറിയ പ്രദേശത്ത് വാഹനം സ്ഫോടനത്തിനായി പാർക്ക് ചെയ്തത്. പാർക്ക് ചെയ്ത് നിമിഷങ്ങൾക്കകം വാഹനം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഷിയ തീവ്രവാദികളെ ലക്ഷ്യം വച്ചാണ് ഐസിസ് ആക്രമണം നടത്തിയതെന്ന് അമാഖ് ന്യൂസ് ഏജൻസി വ്യക്തമാക്കി.
ഷിയാ തീവ്രവാദികൾക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് സദർ. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ 70 പേരാണ് കൊല്ലപ്പെട്ടത്. ബോംബ് സ്ഫോടനങ്ങൾ പതിവായ ബാഗ്ദാദിൽ സാധാരണ ജനങ്ങൾക്കും സുരക്ഷാ സേനയ്‌ക്കുമെതിരെ രൂക്ഷമായ ആക്രമണങ്ങളാണ് തീവ്രവാദികൾ അഴിച്ച് വിടുന്നത്.
















