ന്യൂദല്‍ഹി: ഐഎസ്എല്‍ കഴിഞ്ഞ സീസണ്‍ ഫൈനലിലെ അനിഷ്ട സംഭവങ്ങളുടെ പേരില്‍ നടപടിയെടുത്ത നടപടിക്കെതിരെ എഫ്‌സി ഗോവ അപ്പീല്‍ നല്‍കി. ഐഎസ്എല്‍ റെഗുലേറ്ററി കമ്മീഷനാണ് ഗോവയ്‌ക്കെതിരെ നടപടിയെടുത്തത്. 11 കോടി രൂപ പിഴയീടാക്കാനും അടുത്ത സീസണില്‍ 15 പോയിന്റ് കുറയ്‌ക്കാനുമാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.
കൂടാതെ ടീമിന്റെ സഹഉടമസ്ഥരായ ദത്തരാജ് സല്‍ഗോക്കറിനെയും ശ്രീനിവാസ് ഡെംപോയെ മൂന്ന് വര്‍ഷത്തേക്കും രണ്ട് വര്‍ഷത്തേക്കും വിലക്ക് ഏര്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.
രണ്ടാം സീസണില്‍ ഗോവയിലെ മഡ്ഗാവില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേയുള്ള ഫൈനലിന് ശേഷം ചെന്നൈയുടെ മാര്‍ക്വീ താരം എലാനോ ബ്ലൂമറിനെതിരേ നടന്ന കൈയാങ്കളിക്കും സമാപന ചടങ്ങ് ബഹിഷ്‌കരണം ചെയ്തതടക്കമുള്ള അച്ചടക്കലംഘനങ്ങള്‍ക്ക് ഈ മാസം അഞ്ചാം തിയതിയാണ് കമ്മീഷന്‍ ശിക്ഷ വിധിച്ചത്. വാദം കേള്‍ക്കലിന് ശേഷമാണ് ഈ വിധി ഉണ്ടായതെങ്കിലും തങ്ങളുടെ ഭാഗം വ്യക്തമാക്കാന്‍ അവസരം ലഭിച്ചില്ലെന്നും മറ്റുമാണ് ഗോവ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സംഭവത്തിന് സാക്ഷികളായവരെ വിചാരണ ചെയ്യുകയോ തെളിവുകള്‍ ഹാജരാക്കാന്‍ അവസരം നല്‍കുകയോ ചെയ്തില്ലെന്നും അപ്പീലില്‍ പറയുന്നു. സ്വാ‘ാവിക നീതി നിഷേധമാണ് വിധിയിലൂടെയുണ്ടായതെന്നും നിയമമനുസരിച്ചല്ല ശിക്ഷാ നടപടികളെന്നും ഗോവ ചൂണ്ടിക്കാട്ടുന്നു. ശ്രീനിവാസയും ദത്തരാജും പ്രത്യേക അപ്പീലുകളും ശിക്ഷയ്‌ക്കെതിരേ നല്‍കിയിട്ടുണ്ട്. തങ്ങളുടെ വാദം കേള്‍ക്കാന്‍ കമ്മീഷന്‍ തയാറായില്ലെന്നും ഇവര്‍ അപ്പീലില്‍ പറയുന്നു. അതേസമയം ഗോവയ്‌ക്കെതിരേയുള്ള നടപടിയെ അവരുടെ പരിശീലകനും ഇതിഹാസ താരവുമായ സീക്കോ അപലപിച്ചിരുന്നു.
















