ന്യൂദല്‍ഹി: അഴിമതിയാരോപണങ്ങളില്‍ കളങ്കിതരായവര്‍ക്ക് വോട്ടു തേടാന്‍ അഴിമതിയില്‍ മുങ്ങിത്താണ ഹൈക്കമാന്‍ഡ് വരുന്നു. മഹാറാലികള്‍ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഴുതുമറിച്ച കേരളത്തിന്റെ തെരഞ്ഞെടുപ്പ് മണ്ണിലേക്ക് വരുമ്പോള്‍ മറുപടി എന്തു പറയുമെന്നാണവര്‍ക്ക് ആശയക്കുഴപ്പം.
കോണ്‍ഗ്രസിന്റെ സ്റ്റാര്‍ കാമ്പയിനര്‍മാരായി സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും കേരളത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന് പ്രതിരോധിക്കേണ്ടത് യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികളെത്തന്നെയാണ്.
ഇന്ന് വൈകിട്ട് മൂന്നു മണിക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന സോണിയാഗാന്ധി നാലിന് തൃശൂരില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കും രാത്രി ഏഴിന് തിരുവനന്തപുരത്തെ പരിപാടിയിലും പങ്കെടുത്ത് സോണിയ ദല്‍ഹിയിലേക്ക് മടങ്ങും. നാളെ രാത്രി എത്തുന്ന രാഹുല്‍ 11ന് രാവിലെ 10 മണിക്ക് കായംകുളം, മൂന്നിന് നെടുങ്കണ്ടം, അഞ്ചിന് അങ്കമാലി എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. 12ന് പട്ടാമ്പി, പരവൂര്‍, ഉദുമ എന്നിവിടങ്ങളിലും രാഹുലിന് പരിപാടിയുണ്ട്.
പ്രധാനമന്ത്രിയും പതിനഞ്ചോളം കേന്ദ്രമന്ത്രിമാരും ദിവസവും നാലും അഞ്ചും പൊതുയോഗങ്ങളില്‍ സംസ്ഥാനത്ത് പങ്കെടുക്കുകയാണ്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി അടക്കമുള്ള നിരവധി വിഷയങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രാചാരണ വിഷയങ്ങളായി മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ കരാറുകള്‍ പോലും വിറ്റുകാശാക്കിയ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രചാരണം കൊടുമ്പിരികൊള്ളുമ്പോള്‍ സോണിയയും രാഹുലും കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് സംസ്ഥാനത്തെത്തുന്നത് എത്രത്തോളം ഗുണകരമാകുമെന്ന ആശങ്ക കോണ്‍ഗ്രസുകാര്‍ക്കുണ്ട്. ഇതിനു പുറമേ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ പ്രതിരോധിക്കാനായി ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ നേരിടുന്നവര്‍ എത്തുന്നതും വോട്ടര്‍മാരില്‍ ആശങ്കയ്‌ക്ക് കാരണമാകും.
ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരെ ഇറ്റാലിയന്‍ കോടതി ശിക്ഷിച്ചതോടെയാണ് സോണിയാഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദന തുടങ്ങുന്നത്. ഇടനിലക്കാരുടെ വെളിപ്പെടുത്തലനുസരിച്ച് സോണിയാഗാന്ധി, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ക്ക് അഴിമതിയെപ്പറ്റി അറിവുണ്ടായിരുന്നെന്ന കാര്യം വ്യക്തമാണ്. ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസിലെ അന്വേഷണം ഇവരെ കേന്ദ്രീകരിച്ചാണെന്ന സൂചനകള്‍ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ തികച്ചും പ്രതിരോധത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
എന്നാല്‍ ഇവരെത്തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും. എന്നാല്‍ തമിഴ്‌നാട്ടില്‍ ചെന്ന രാഹുല്‍ ഗാന്ധിയെ കാണാനോ കേള്‍ക്കാനോ പാര്‍ട്ടിക്കാര്‍ പോലും ചെന്നില്ല. അവിടങ്ങളില്‍ പറഞ്ഞതെല്ലാം അബദ്ധമാവുകയും ചെയ്തു. ഇത് കേരള നേതാക്കളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
















