കൊല്‍ക്കത്ത: പഞ്ചിമ ബംഗാളിലെ യാദവ്പൂര്‍ സര്‍വ്വകലാശാല രാജ്യദ്രോഹികളുടെ പിടിയിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. ഇതിന് ഇടതുപക്ഷവും വൈസ് ചാന്‍സലറും സഹായിക്കുകയാണ്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബുധ ഇന്‍ ട്രാഫിക്ക് ജാം എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം. കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ വലിയ സംഘര്‍ഷം തന്നെ ഉണ്ടായിരുന്നു.
ഇടത് വിദ്യാര്‍ത്ഥി സംഘടനകളും വിസിയും ചേര്‍ന്ന്, സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ പ്രദര്‍ശനമാണ് തടഞ്ഞിരിയ്‌ക്കുന്നത്. സര്‍വ്വകലാശാലയിലെ അവസ്ഥ കേന്ദ്രത്തെ ഉടന്‍ അറിയിക്കുമെന്നും ഇത് ജനാധിപത്യാവകാശ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. രൂപാ ഗാംഗുലി അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് സ്ഥലത്ത് വിലക്കും പ്രഖ്യാപിച്ചിരുന്നു.
ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സംവിധായകന്റെ കാര്‍ പ്രധാന കവാടത്തില്‍ വച്ച് ചില ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍് തടഞ്ഞു. ഇതാണ് സംഘര്‍ഷത്തിനു തുടക്കമായത്. വി സിയുടെ നിലപാടും അന്വേഷണവിധേയമാക്കണമെന്ന് ഘോഷ് ആവശ്യപെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം പൊതുസ്ഥലത്താണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അനുപം ഖേറും അരുണോദയ് സിങ്ങും ഉള്‍പ്പടെയുള്ള പ്രമുഖരാണ് ചിത്രത്തില്‍ വേഷം ചെയ്തിരിക്കുന്നത്. ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് അഗ്നിഹോത്രി ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇസ്ലാമിക ഭീകരവാദവും അതിനെതിരെ ഹിന്ദു സംഘടനകള്‍ നടത്തുന്ന പ്രതിരോധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
















