മലയാളികളുടെ ജനപ്രിയ സംവിധായകന് ഇന്ന് തിരക്കിലാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടസംവിധായകന്‍ ഇന്ന് അരുവിക്കരക്കാരുടെ ഇഷ്ടസ്ഥാനാര്ത്ഥിയാണ്. സിനിമയുടെ താരപരിവേഷമില്ലാതെ ഒരു സാധാരണ പ്രവര്‍ത്തകനായി ബിജെപിയിലേക്കു കടന്നുവന്ന് അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജസേനന് മനസു തുറക്കുന്നു.
ബിജെപിയോട് ആഭിമുഖ്യം തോന്നി തുടങ്ങിയത്?
ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദി ആദ്യ ടേം പൂര്‍ത്തിയാക്കിയശേഷമുള്ള ഗുജറാത്തിന്റെ വികസനവും ഭരണനേട്ടങ്ങളും ശ്രദ്ധിച്ചുതുടങ്ങിയപ്പോഴാണ് മോദിയോടും ബിജെപിയോടും മനസുകൊണ്ട് അടുപ്പമുണ്ടായി തുടങ്ങിയത്. ഒരിക്കല്‍ ഗുജറാത്തിലെ വാപ്പി എന്ന സ്ഥലത്ത് ഒരു പരിപാടിക്കുപോയി. മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരം റോഡിലൂടെയായിരുന്നു യാത്ര. റോഡുകളുടെ വികസനവും ഗുജറാത്തിന്റെ അഭിവൃദ്ധിയുമൊക്കെ ആ യാത്രയില്‍ തന്നെ ദര്‍ശിക്കാനായി. ഗുജറാത്തിലെ ഭരണത്തിന്റെ പ്രതേ്യകതകള്‍, ജനങ്ങള്‍ക്കു ലഭിക്കുന്ന സേവനങ്ങള്‍, എല്ലാം ഒരു മലയാളിയായ എന്നെ അത്ഭുതപ്പെടുത്തുന്നവയായിരുന്നു.
ഗുജറാത്തില്‍ സമരങ്ങളില്ല, കേള്ക്കാന്തന്നെ എത്രയോ സുഖമുള്ള കാര്യം. ഏറ്റവും കൂടുതല്‍ വ്യാവസായിക വികസനം നടക്കുന്ന സംസ്ഥാനം. വൈദ്യുതിക്കോ വീടിനോ അനുമതി ചോദിച്ചാല്‍ 24 മണിക്കൂറിനകം ലഭ്യമാകുന്ന അവസ്ഥ. ഇത് കേരളത്തില്‍ സ്വപ്നം കാണാനാവുമോ. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്കുന്ന ഭരണസംവിധാനം. കര്‍ഷകര്‍ക്ക് പ്രതേ്യക പദ്ധതികള്‍, ആശുപത്രികളിലായാലും സര്‍ക്കാര്‍ ഓഫീസുകളിലായാലും ആ പ്രകടമായ മാറ്റം കാണാന്‍ കഴിയും. ഗുജറാത്തില്‍ ജീവിക്കുന്ന ഏതൊരു മലയാളിയോട് നമ്മള് ചോദിച്ചാലും ഒരേ മറുപടിയാണ് ലഭിക്കുക. അവര്‍ ഗുജറാത്തിനെ അത്രയധികം ഇഷ്ടപ്പെടുന്നു. മറുനാടന്‍ മലയാളികള്‍ അവരുടെ ഔദേ്യാഗിക ജീവിതം കഴിഞ്ഞാല്‍ കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഗുജറാത്തിലെ മലയാളികള്‍ ഒരിക്കലും ആ നാട് വിട്ടുപോകാന്‍ ആഗ്രഹിക്കില്ല. സുഭിക്ഷമായി ജീവിക്കാന്‍ കഴിയുന്ന നാട്, നല്ല വേതനം പിന്നെന്തിന് ഞങ്ങള്‍ ഇവിടം വിടണമെന്ന് ചോദിക്കുന്നവരാണ് അധികവും. ഗുജറാത്തി മലയാളികളില്‍നിന്ന് കേട്ട ഈ വാക്കുകള്‍ എന്നെ മോദിയുടെ കടുത്ത ആരാധകനാക്കി മാറ്റുകയായിരുന്നു.
ബിജെപിയിലേക്ക് കടന്നുവന്ന സാഹചര്യം?
അതിന് വഴിയൊരുക്കിയത് ഗുജറാത്ത് തന്നെയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഗുജറാത്ത് മലയാളികള്‍ സംഘടിപ്പിച്ച എന്‍എസ്എസിന്റെ ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ഗുജറാത്തിലെത്തി. 4000ത്തോളം മലയാളികള്‍. 100ലധികം പേരോട് ഞാന്‍ മോദിയുടെ ഭരണത്തെക്കുറിച്ചും ഗുജറാത്തിലെ ഭരണസംവിധാനങ്ങളെക്കുറിച്ചും ചോദിച്ചു. എല്ലാ മലയാളികള്‍ക്കും നല്ലതുമാത്രമേ പറയാനുള്ളു. ശരിക്കും ഞാന്‍ ഒരു ബിജെപിക്കാരനായ നിമിഷം. സംഘാടകരോട് പ്രസംഗിക്കുമ്പോള്‍ മോദിയെക്കുറിച്ചും ബിജെപിയെക്കുറിച്ചും ഞാന്‍ രണ്ടുവാക്ക് പറഞ്ഞാല്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ചോദിച്ചു. സദസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് സംഘാടകര്‍ പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ബിജെപിയെ അനുകൂലിച്ച് പ്രസംഗിച്ചു. കേരളീയര്‍ മോദിയെയും ബിജെപിയെയും അടുത്തറിയുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ മറുനാടന്‍ മലയാളികള്‍ മോദിയെ ഹൃദയത്തിലേറ്റിയിരുന്നുവെന്ന് അന്നെനിക്ക് മനസ്സിലായി. തിരിച്ചുവരുമ്പോള്‍ മനസ് നിറയെ സന്തോഷമായിരുന്നു. മടക്കയാത്രയില്‍ ഒപ്പം ചെങ്ങന്നൂരില്‍ നിന്നുള്ള ബിജെപി നേതാവ് രാജനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫോണിലേക്ക് ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഫോണ്‍ വന്നപ്പോള്‍ രാജന് എന്റെ ബിജെപി അനുകൂല പ്രസംഗത്തെക്കുറിച്ച് സുരേന്ദ്രനോട് പറഞ്ഞു. ഫോണ്‍ എനിക്ക് കൈമാറി പരസ്പരം സംസാരിച്ചു. ബിജെപിയോടുള്ള താല്പര്യം ഞാനറിയിച്ചു.
പിന്നീട് ബിജെപിയിലേക്ക് വരണമെന്ന ആഗ്രഹം ഞാന്‍ സുരേന്ദ്രനെ അറിയിച്ചു. മുന്‍ പ്രസിഡന്റ് വി. മുരളീധരനെയും ജനറല്‍ സെക്രട്ടറി കെ.ആര്. ഉമാകാന്തനെയും സുരേന്ദ്രന് വഴി പരിചയപ്പെട്ടു. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമോചനയാത്രയുടെ സമാപനദിനം ബിജെപി അംഗത്വം സ്വീകരിച്ചു.
സ്ഥാനാര്‍ത്ഥിയായത്?
ഞാന്‍ ഒരു നിബന്ധനയും വച്ചല്ല ബിജെപിയിലേക്ക് വന്നത്. ഒരു സാധാരണ പ്രവര്‍ത്തകനാവണം എന്ന ആഗ്രഹം മാത്രമാണുള്ളത്. വിമോചനയാത്ര കഴിഞ്ഞപ്പോള്‍ ചിലപ്പോള്‍ സ്ഥാനാര്ത്ഥിയാവേണ്ടിവരുമെന്ന് അറിയിച്ചു. ബിജെപി അരുവിക്കരയില്‍ നിശ്ചയിച്ചു. ഞാന്‍ അത് സ്വീകരിച്ചു.
അരുവിക്കര മണ്ഡലം?
അരുവിക്കരയില്‍ ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ മണ്ഡലത്തില്‍ ഒരു പുതുമുഖമാണെന്നു തോന്നുന്നില്ല. സിനിമയിലൂടെയും ടെലിവിഷനിലൂടെയും എന്നെ അടുത്തറിഞ്ഞ ഒരു ജനവിഭാഗമാണ് അരുവിക്കരയിലുള്ളത്. 25 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച മണ്ഡലമാണ് അരുവിക്കര. ചില റോഡുകള്‍ ടാറിട്ടുവെന്നല്ലാതെ യാതൊരു അടിസ്ഥാനസൗകര്യവും ഇവിടെത്തെ പാവങ്ങള്ക്കുണ്ടായിട്ടില്ല. ഇവിടത്തെ വനവാസി കോളനികളുടെയും മറ്റ് കോളനികളുടെ അവസ്ഥ വേദനയുളവാക്കുന്നതാണ്. ഈ പറയുന്നത് രാഷ്ട്രീയമല്ല, ആര്‍ക്കുവേണമെങ്കിലും വന്ന് നേരിട്ടറിയാവുന്നതേയുള്ളൂ. കുടിവെള്ളമില്ല, സ്വന്തമായി വീടില്ല, മൂന്ന് സെന്റില്‍ വീടുള്ളവര്ക്കാവട്ടെ, മേല്‍ക്കൂരയില്ല, കക്കൂസില്ല, കുളിമുറിയില്ല, അടച്ചുറപ്പുള്ള ഒരു മുറിയില്ല. സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഒരു വികസനവും ഉണ്ടായിട്ടില്ല. ആശുപത്രികളുടെ സ്ഥിതി പരമദയനീയമാണ്. പകുതിയിലേറെയും രോഗികളാണ്. ഡോക്ടറുണ്ടെങ്കില്‍ നഴ്സില്ല, നഴ്സുണ്ടെങ്കില് ഡോക്ടറില്ല.
രണ്ടുപേരുമുണ്ടെങ്കില് മരുന്നില്ല. പാവങ്ങള്‍ക്കായി നടപ്പാക്കിയ നിരവധി പദ്ധതികളുണ്ട്. ഒരു പദ്ധതിയുടെ ആനുകൂല്യവും അവര്‍ക്ക് ലഭിച്ചിട്ടില്ല. പൊടിയക്കാല, കോട്ടൂര്‍, ചെമ്പന്‍കുന്ന് മേഖലകള്‍ ദുരിതകയത്തിലാണ്. ചെമ്പന്കുന്നില് നാട്ടുകാര്‍ മരംവെട്ടി പാലം നിര്‍മ്മിക്കുകയാണ് അതാണ് അവസ്ഥ. ആനപ്പാറ എന്ന സ്ഥലത്ത് ഒരു റോഡിനായി ഇപ്പോഴും അളവെടുപ്പ് നടന്നു. എല്ലാ തെരഞ്ഞെടുപ്പിനും തൊട്ടുമുമ്പ് ഇവിടെ അളവെടുപ്പ് ഉണ്ടാകും എന്നതാണ് രസകരമായ വസ്തുത. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ ഒന്നും ഇവിടത്തെ സാധാരണക്കാര്‍ക്ക് എത്തിച്ചു നല്കാന് സംസ്ഥാന സര്‍ക്കാരും ഇവിടുത്തെ ജനപ്രതിനിധിയും യാതൊന്നും ചെയ്തിട്ടില്ല. ഒരു സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ പാവങ്ങള്‍ക്ക് എത്തിച്ചുനല്കാന് രാഷ്ട്രീയം നോക്കുന്നതിന്റെ സാംഗത്യം മനസിലാവുന്നില്ല. വാക്കുകളില്‍ മാത്രമാണ് ഇവിടെ വികസനം.
സിനിമ, രാഷ്ട്രീയം?
രണ്ടിനും അതിന്റേതായ നന്മയും തിന്മയുമുണ്ട്. സിനിമയുടെ നന്മയും തിന്മയും ഒരുപോലെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
സിനിമ തുടരുമോ?
രാഷ്ട്രീയത്തിലെത്തിയ കൊല്ലത്തെ ചില സിനിമാക്കാര് പറയുന്നതുപോലെ ഡയലോഗ് പറയാന്‍ എനിക്കറിയില്ല. സിനിമ എനിക്ക് പ്രാണവായുവാണ്. അവസരങ്ങള്‍ ലഭിക്കുന്നിടത്തോളംതന്നെ സിനിമയിലുണ്ടാകും. അതോടൊപ്പം ബിജെപി പ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: