ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്കേസ് ബോഫോഴ്‌സ് കേസ് പോലെ അല്ലെന്നും കുറ്റക്കാരെ കണ്ടെത്തുന്നതിന് മതിയായ തെളിവുകളുണ്ടെന്നും കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. അഗസ്റ്റ വെസ്റ്റ്‌ലാന്റ് കമ്പനിക്ക് ഹെലിക്കോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിന് യുപിഎ സര്‍ക്കാര്‍ പരമാവധി സഹായം നല്‍കിയെന്നും പരീഖര്‍ സഭയെ അറിയിച്ചു.
മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയും ഉപമേധാവി ഗൗതം ചൗഹാനും ഉള്‍പ്പെടെയുള്ള ‘ചെറിയ പുള്ളികള്‍’ അഴിമതിയുടെ ഗംഗയില്‍ കൈകഴുകിയെന്ന് കുറ്റപ്പെടുത്തിയ പ്രതിരോധമന്ത്രി, നദി ആരുടെയടുത്തേക്കാണ് ഒഴുകുന്നതെന്ന് കണ്ടെത്തുമെന്നും പറഞ്ഞു. അഴിമതിയുടെ പ്രയോജനം നേടിയെടുത്ത പ്രധാനപ്പെട്ടവരെ കണ്ടെത്തുമെന്നും പരീഖര്‍ പറഞ്ഞു. പ്രതിരോധമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിരോധത്തിലായ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
ഇടപാടില്‍ അഴിമതി നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2011 നവംബറില്‍ ഇറ്റാലിയന്‍ കോടതി കേസ് രജിസ്റ്റര്‍ ചെയ്തശേഷവും യുപിഎ സര്‍ക്കാര്‍ ഇടപാടുമായി മുന്നോട്ടുപോയെന്ന് പരീഖര്‍ സഭയില്‍ കുറ്റപ്പെടുത്തി. മൂന്ന് ഹെലിക്കോപ്റ്ററുകള്‍ വാങ്ങുകയും ചെയ്തു. അഗസ്റ്റ വെസ്റ്റ്‌ലാന്റിന്റെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത 2013ല്‍ മാത്രമാണ് എ.കെ ആന്റണി സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറായത്. അതിന് മുമ്പ് കമ്പനിയോട് കേസ് സംബന്ധിച്ച് ചോദിക്കാനോ എംബസി മുഖാന്തരം വിഷയം ഇറ്റലിയില്‍ ഉന്നയിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും പരീഖര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് എംപി ദുബായില്‍ വെച്ച് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ കണ്ടതായി അനുരാഗ് താക്കൂര്‍ എംപി ലോക്‌സഭയില്‍ ഇന്നലെ വെളിപ്പെടുത്തിയത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഹെലിക്കോപ്റ്റര്‍ ഇടപാട് പ്രതിസന്ധിയിലായ സമയത്താണ് എംപി ദുബായിലെത്തി മിഷേലിനെ കണ്ടതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
ബിജെപി കോണ്‍ഗ്രസിനെയും സോണിയാഗാന്ധിയെയുമാണ് ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ പറഞ്ഞു. സോണിയാഗാന്ധി പെണ്‍സിംഹമാണെന്ന് ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് ജന്തര്‍മന്ദറിലും കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി നടത്തി.
സോണിയാഗാന്ധി, മന്‍മോഹന്‍സിങ്, എ.കെ ആന്റണി തുടങ്ങിയ നേതാക്കളെ ഇവിടെനിന്നും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സോണിയയുടേയും രാഹുലിന്റെയും റോബര്‍ട്ട് വാദ്രയുടേയും ചിത്രം പതിച്ച പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് സോണിയാഗാന്ധി ആരോപിച്ചു. എന്നാല്‍ ജനാധിപത്യത്തെയല്ല കുടുംബാധിപത്യത്തെയാണ് എതിര്‍ക്കുന്നതെന്ന് ബിജെപി മറുപടി നല്‍കി. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്നില്‍ പ്രതിഷേധിച്ചു.
















