ബ്രസീലിയ: ഏപ്രിലില്‍ ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം നെയ്‌മര്‍, മിഡ്ഫീല്‍ഡര്‍ ഓസ്‌കാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളെ ഒഴിവാക്കിയാണ് ഇത്തവണത്തെ ടീം പ്രഖ്യാപനം. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് നെയ്‌മറെ ഒഴിവാക്കിയത്. ഒളിമ്പിക്‌സിലോ കോപ്പ അമേരിക്കയിലോ ഏതെങ്കിലും ഒരു ടൂര്‍ണമെന്റില്‍ മാത്രമേ നെയ്‌മറെ വിട്ടുതരാനാകൂ എന്ന കടുത്ത നിലപാടാണ് ബാഴ്‌സ കൈക്കൊണ്ടത്. ബ്രസീല്‍ ആതിഥ്യമരുളുന്ന ഒളിമ്പിക്‌സില്‍ കളിക്കാന്‍ നെയ്‌മര്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
തുടക്കത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അന്തിമ പട്ടികയില്‍ നിന്ന് ഓസ്‌കാറിനെ മാറ്റുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫെര്‍ണാണ്ടീഞ്ഞോ, ആഴ്‌സണലിന്റെ പൗലിസ്റ്റ, ലിവര്‍പൂളിന്റെ ഫിര്‍മിനൊ ഒര്‍ലാന്‍ഡോ സിറ്റി താരം കാക എന്നിവരും ഇത്തവണത്തെ ടീമില്‍ ഇടപറ്റിയിട്ടില്ല. 23 വയസില്‍ താഴെയുള്ള ഏഴ് യുവതാരങ്ങള്‍ ഉള്‍പ്പെട്ട ടീമിനെയാണ് ബ്രസീല്‍ പ്രഖ്യാപിച്ചത്.
ആലിസണ്‍, ഡീഗോ ആല്‍വസ്, എഡേഴ്‌സണ്‍ എന്നിവരാണ് ബ്രസീല്‍ ടീമിലെ ഗോളിമാര്‍. ഡാനി ആല്‍വസ്, ഫാബീഞ്ഞോ, ഫിലിപെ ലൂയിസ്, ഡഗ്ലസ് സാന്റോസ്, മിരാന്‍ഡ, ജില്‍, മാര്‍ക്വീഞ്ഞോസ്, റോഡ്രിഗൊ കൈയൊ എന്നിവര്‍ പ്രതിരോധനിരയില്‍ അണിനിരക്കും. മധ്യനിരയില്‍ ലൂയിസ് ഗുസ്താവൊ, എലീയാസ്, കസെമിരൊ, റഫീഞ്ഞ, റെനറ്റൊ അഗസ്റ്റാ, ഫിലിപ്പെ കൗട്ടീഞ്ഞോ, ലൂക്കാസ് ലിമ, വില്യന്‍
മുന്നേറ്റം ഡഗ്ലസ് കോസ്റ്റ, ഹള്‍ക്ക്, റിക്കാര്‍ഡൊ ഒലിവെര, ഗബ്രിയേല്‍ എന്നിവരും കളിക്കും. ബി ഗ്രൂപ്പില്‍ ഇക്വഡോറിനും ഹെയ്തിക്കും പെറുവിനുമൊപ്പമാണ് ബ്രസീല്‍. ജൂണ്‍ നാലിന് ഇക്വഡോറിനെതിരേ കാലിഫോര്‍ണിയയിലെ പസദേനയിലാണ് ബ്രസീലിന്റെ ആദ്യ മത്സരം. ഇതാദ്യമായാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ലാറ്റിനമേരിക്കയ്‌ക്ക് പുറത്തൊരു രാജ്യത്ത് നടത്തുന്നത്.
















