മുംബൈ: മഹാരാഷ്‌ട്രയില്‍ പശുക്കളേയും കാളകളേയും കൊല്ലുന്നതിനുള്ള നിരോധനം തുടരുമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം ബീഫ് അഥവാ മാട്ടിറച്ചി കൈവശം വക്കുന്നതോ മഹാരാഷ്‌ട്രയ്‌ക്ക് പുറത്ത് നിന്നും കൊണ്ടുവരുന്നതും കുറ്റകരമല്ലെന്നും ജസ്റ്റിസുമാരായ അഭയ് ഒക്കയും സുരേഷ് ഗുപ്തയും അധ്യക്ഷന്മാരായ ബെഞ്ച് വ്യക്തമാക്കി.
ബീഫ് കൈവശം വയ്‌ക്കുന്നത് നിരോധിച്ചാല്‍ അത് ഭരണഘടനാവിരുദ്ധമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. ബീഫ് തിന്നുക എന്നത് മൗലികാവകാശമല്ലെന്നും ബീഫ് കൈവശം വയ്‌ക്കുന്നത് തടയേണ്ടത് നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് അനിവാര്യമാണെന്നുമുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
2015 മാര്‍ച്ചില്‍ പാസാക്കിയ മഹാരാഷ്‌ട്ര മൃഗസംരക്ഷണ നിയമപ്രകാരം പശുക്കളെ മാത്രമല്ല, കാളകളേയും മൂരികളേയും കശാപ്പ് ചെയ്യുന്നതും നിയമവിരുദ്ധമാണ്. കാളകളേയും മൂരികളേയും കശാപ്പിനായി വില്‍ക്കുന്നതും കുറ്റകരമാണ്. അഞ്ച് വര്‍ഷം വരെ തടവും 10,000 രൂപ പിഴയുമാണ് നിയമം അനുശാസിക്കുന്നത്.
















