ഹൈദരാബാദ്: പുതിയതായി വാങ്ങിയ സ്മാര്‍ട്ട് ഫോണ് നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ഹൈദരാബാദില്‍ യുവതി ആത്മഹത്യ ചെയ്തു. ജഹാനുമ സ്വദേശിയായ സുല്‍ത്താന ബീഗം എന്ന യുവതിയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.
ഷാലിബന്ദയില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന സുല്‍ത്താന കഴിഞ്ഞ മാസമാണ് ഫോണ്‍ വാങ്ങിയത്. ബുധനാഴ്ചയായിരുന്നു ഫോണ്‍ നഷ്ടപ്പെട്ടത്. ഇതിന്റെ പേരില്‍ സുല്‍ത്താനയെ ഉമ്മ സൂബിയാന ബീഗം വഴക്കുപറഞ്ഞിരുന്നു. ഇതാണ് സുല്‍ത്താനയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
സംഭവദിവസം വൈകിട്ട് കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് കറണ്ടുപോയിരുന്നു. ഈ സമയം മാതാവിനൊപ്പം വീടിന് മുന്‍വശത്ത് വന്നിരുന്ന സുല്‍ത്താന അല്‍പ്പസമയത്തിനു ശേഷം മുറിയിലേയ്‌ക്ക് പോയി. പിന്നീട് കരണ്ടു വന്ന ശേഷം ആഹാരം കഴിക്കാനായി സുല്‍ത്താനയെ അന്വേഷിച്ചപ്പോഴാണ് മുറിക്കുള്ളില്‍ മകള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സുല്‍ത്താനയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് ശേഷം യുവതിയും ഉമ്മയും ജഹാനുമയിലെ വീട്ടിലായിരുന്നു താമസം.
















