ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ സിബിഐ അന്വേഷണം കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളിലേക്കും എ.കെ ആന്റണിയുടെ ഭരണകാലത്തെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥരിലേക്കും സിബിഐ വ്യാപിപ്പിച്ചു. ഇടനിലക്കാരനായ ക്രിസ്ത്യന്‍ മൈക്കിളിന്റെ കത്തില്‍ പേരു പറയുന്ന പ്രതിരോധമന്ത്രാലയത്തിലെ പത്ത് മുന്‍ ഉദ്യോഗസ്ഥരുടെ ആസ്തി പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചു.
30മില്യണ്‍ യൂറോ ഭാരതത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നായിരുന്നു ഇടനിലക്കാരുടെ വെളിപ്പെടുത്തല്‍. കേന്ദ്രപ്രതിരോധമന്ത്രാലയത്തോട് പത്ത് ഉദ്യോഗസ്ഥരുടെ സ്വത്തുവിവരങ്ങള്‍ കൈമാറണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ വെളിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയക്കാര്‍ എന്നിവരുടെ ആസ്തി അന്വേഷിക്കുക വഴി നിര്‍ണ്ണായക തെളിവുകള്‍ ലഭ്യമാകുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രതീക്ഷ. ഇറ്റാലിയന്‍ കോടതി വിധിക്ക് ആധാരമായ തെളിവുകള്‍ ലഭ്യമായാല്‍ ഭാരതത്തിലെ കേസുകളിലും ശക്തമായ തെളിവുകളായി മാറും. കേന്ദ്രസര്‍ക്കാര്‍ ഇറ്റലിയില്‍ നിന്നും രേഖകള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്.
മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ സിബിഐക്ക് ലഭ്യമായിട്ടുണ്ട്. കോഴപ്പണം രാജ്യത്തേക്കെത്തിക്കുന്നതിനായി കമ്പനികള്‍ സ്ഥാപിച്ച ദല്‍ഹിയിലെ അഭിഭാഷകനായ ഗൗതം കൈതാനെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. വ്യോമസേനാ ഉപമേധാവിയായിരുന്ന എന്‍ വി ത്യാഗിയെ അടക്കമുള്ള പഴയ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.
ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. ബിജെപി എംപി മീനാക്ഷി ലേഖി നല്‍കിയ നോട്ടീസിന്മേല്‍ നടക്കുന്ന ചര്‍ച്ചയ്‌ക്ക് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ മറുപടി നല്‍കും. ലോക്‌സഭ ഇന്നലെ ധനകാര്യബില്‍ പാസാക്കി. രാജ്യസഭയില്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ കോണ്‍ഗ്രസ് സഭാധ്യക്ഷന് പരാതി നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെ പാര്‍ലമെന്റിന് മുന്നില്‍ സ്വാമിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിയും നടക്കും.
സ്വര്‍ണ്ണത്തിന് ഒരു ശതമാനം എക്‌സൈസ് തീരുവ പ്രഖ്യാപിച്ചത് പിന്‍വലിക്കില്ലെന്ന് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ സ്വര്‍ണ്ണക്കടകളിലെ പരിശോധന ഒഴിവാക്കും. എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെ എതിര്‍ത്ത രാഹുല്‍ഗാന്ധിയെ പരിഹസിച്ച ജെയ്റ്റ്‌ലി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വാറ്റ് കുറയ്‌ക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. പനാമ രേഖകളില്‍ പരാമര്‍ശിക്കുന്ന എല്ലാവര്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയതായും ധനകാര്യബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ജെയ്റ്റ്‌ലി അറിയിച്ചു.
















