കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാഥകളും പദയാത്രകളും നടത്തുമ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് പെരുമാറ്റചട്ട ലംഘനമാകും. സ്ഥാനാര്‍ത്ഥികളുടെയോ രാഷ്‌ട്രീയ പാര്‍ട്ടി അംഗങ്ങളുടെയോ വീടിനു മുമ്പില്‍ പ്രകടനം നടത്തുന്നതും പിക്കറ്റിങ്ങ് നടത്തുന്നതും നിയമവിരുദ്ധമാണ്.
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യോഗങ്ങള്‍ നടത്തുമ്പോള്‍ ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പൊലീസിന് സാധ്യമാകത്തക്കവിധം നേരത്തെ തന്നെ യോഗം നടത്തുന്ന സ്ഥലവും സമയവും പൊലീസ് അധികാരികളെ അറിയിക്കേണ്ടതാണ്. ഗതാഗതത്തിന് വിഘാതമോ തടസ്സമോ ഉണ്ടാകാത്തവിധം ജാഥയുടെ ഗതി നിയന്ത്രിക്കുവാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കേണ്ടതാണ്. ഡ്യൂട്ടിയിലുളള പൊലീസിന്റെ നിര്‍ദ്ദേശവും ഉപദേശവും കര്‍ശനമായി പാലിക്കേണ്ടതാണ്.
വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒരേ സമയം ഒരേ സ്ഥലത്ത് തന്നെ യോഗങ്ങളോ പദയാത്രകളോ സംഘടിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇതിനായി ബന്ധപ്പെട്ടവര്‍ തമ്മില്‍ കൂടിയാലോചിച്ച് പൊലീസ് അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശം പാലിക്കേണ്ടതാണ്. ഒരു ജാഥ സംഘടിപ്പിക്കുന്ന ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ജാഥ തുടങ്ങുന്നതിനുളള സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കണം. ഒരിക്കല്‍ തീരുമാനിച്ച സമയം മാറ്റേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് സമയക്രമം മാറ്റുന്നതിനുളള അനുമതി തേടേണ്ടതാണ്.
യോഗം/പദയാത്ര നടത്തുന്നതിന് നിരോധനം ഉളള പ്രദേശങ്ങള്‍ മുന്‍കൂട്ടി അറിയേണ്ടതും അത്തരം സ്ഥലങ്ങളില്‍ നിരോധനം ലംഘിച്ച് യോഗമോ/പദയാത്രയോ നടത്തുവാന്‍ പാടില്ലാത്തതുമാണ്.
ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. രാവിലെ 6 മണിക്കു മുമ്പോ രാത്രി 10 മണിക്ക് ശേഷമോ ഒരു കാരണവശാലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുവാന്‍ പാടില്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടി നടത്തുന്ന യോഗം മറ്റ് പാര്‍ട്ടികള്‍ അലങ്കോലപ്പെടുത്തുകയോ മറ്റു വിധത്തില്‍ ബഹളമുണ്ടാക്കാന്‍ പാടില്ലാത്തതാണെന്നും പെരുമാറ്റചട്ടം അനുശാസിക്കുന്നു.
















