കണ്ണൂര്‍: പ്രമുഖ ജ്യോതിഷ പണ്ഡിതനും എഴുത്തുകാരനും ജ്യോതിഷപ്രാസംഗികനുമായ എടക്കാട് നാരായണന്‍(84) അന്തരിച്ചു. നിരവധി ജ്യോതിശ്ശാസ്ത്ര, ജ്യോതിഷ ഗവേണഷ പ്രബന്ധങ്ങളും ലേഖനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം ജനശക്തി, ദേശമിത്രം തുടങ്ങിയ വാരികകളുടെ പത്രാധിപനായും പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ജ്യോതിര്‍ലോകം മാസകിയുടെ പത്രാധിപരും പ്രസാധകനുമായിരുന്നു. നിരവധി ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. കൊല്ലങ്കോട് രാജാസ് സ്‌കൂളില്‍ നിന്നും അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി കിഴുന്ന യുപി സ്‌കൂളില്‍ അധ്യാപക ജീവിതം ആരംഭിച്ച അദ്ദേഹം എടക്കാട് ഒകെ യുപി സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ജ്യോതിഷ പംക്തി കൈകാര്യം ചെയ്ത ഇദ്ദേഹം ആസ്‌ട്രോളജിക്കല്‍ റിസര്‍ച്ച് സെന്ററില്‍ ബിരുദബിരുദാനന്തര തലത്തില്‍ സ്വന്തമായി ജ്യോതിഷ പഠന ക്ലാസുകള്‍ നടത്തിവന്നിരുന്നു. ആയിരക്കണക്കിന് ശിഷ്യന്‍മാര്‍ ജ്യോതിഷരംഗത്ത് ഇദ്ദേഹത്തിനുണ്ട്.
ഭാര്യ: ചന്ദ്രിക. മക്കള്‍: സുധീഷ് നാരായണന്‍(സി.എച്ച്.എം എച്ച്എസ്എസ് വാരം), പത്മജ, വിനീത, ശ്രീലത നാരായണന്‍(പൂമംഗലം യുപി സ്‌കൂള്‍, തളിപ്പറമ്പ്). മരുമക്കള്‍: രവീന്ദ്രനാഥ്, കൃഷ്ണമോഹന്‍, പ്രശാന്ത്, രൂപ സുധീഷ്.
















