കുട്ടനാട്: കോട്ടയം ജില്ലയിലെ കിണറുകള്‍ വറ്റിത്തുടങ്ങിയതോടെ കുട്ടനാട്ടില്‍ വിലയ്ക്ക് വാങ്ങാനും വെള്ളമില്ല. തണ്ണീര്‍മുക്കം ഷട്ടറുകള്‍ തുറക്കുക കൂടി ചെയ്തതോടെ കുട്ടനാടിന്റെ ചില പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. കുട്ടനാടിന്റെ വടക്കന്‍ മേഖലകളായ നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തുകളിലാണ് ഇപ്പോള്‍ ക്ഷാമം അതിരൂക്ഷമായിരിക്കുന്നത്.
ഈ പഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളവിതരണം നിലച്ചിട്ടു പത്തുവര്‍ഷത്തിനു മുകളിലായി. സ്വകാര്യ വാഹനങ്ങളില്‍ വില്പനയ്ക്കായി കൊണ്ടുവരുന്ന വെള്ളമാണ് നാട്ടുകാര്‍ക്ക് ആശ്വാസമായിരുന്നത്. ലിറ്ററിന് അമ്പതു മുതല്‍ 80 പൈസ വരെ നല്‍കിയായാണ് ഇവര്‍ വെള്ളം വാങ്ങി ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചതുര്‍ഥ്യാകരി പ്രദേശങ്ങളില്‍ ലിറ്ററിന് ഒരു രൂപ വരെ വില കൊടുക്കണം. കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളില്‍ നിന്നായി മുപ്പതോളം വാഹനങ്ങളാണ് ഈ വെള്ളം വില്പനയില് ഏര്‍പ്പെട്ടിരിക്കുന്നത്.
കുട്ടനാട്ടിലാകെ നൂറിനടുത്തു വാഹനങ്ങളാണ് വെള്ളം വില്പന നടത്തുന്നത്. ചിങ്ങവനം, കുറിച്ചി, തുരുത്തി പ്രദേശങ്ങളില്‍ നിന്നുമാണ് വില്പനക്കാര് വെള്ളം ശേഖരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശങ്ങളിലെ കിണറുകള്‍ വറ്റിയ നിലയിലാണ്. ഇക്കാരണത്താല്‍ ദിവസേന നാലുതവണ വരെ വെള്ളമെടുത്തിരുന്ന ഒരു വാഹനം ഒരു തവണ പോലും വിതരണം നടത്താന്‍ പറ്റാതെ വിഷമിക്കുകയാണ്.
സാധാരണ ഒരു എയ്സ് വാഹനത്തില്‍ 1500 ലിറ്റര്‍ വെള്ളമാണ് സംഭരിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പുലര്‍ച്ചെ ഒരു തവണ വെള്ളമെടുത്താല്‍ പിന്നീട് കിണറുകള്‍ വറ്റിത്തുടങ്ങും. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന കുടുംബങ്ങളും ഇതോടെ ദാരിദ്ര്യത്തിലായി. നേരത്തെ കുടിക്കാന്‍ മാത്രം വെള്ളം വിലയ്ക്കു വാങ്ങിയിരുന്ന ആളുകള്‍ക്ക് ജലാശയങ്ങളില്‍ ഉപ്പുവെള്ളം നിറഞ്ഞതോടെ മറ്റാവശ്യങ്ങള്‍ക്കും ശുദ്ധജലം കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: