ഇരിട്ടി: പായം വട്ട്യറ സ്കൂളിനു സമീപം ചകിരി ഉത്പന്നങ്ങള്‍ കയറ്റിപ്പോവുകയായിരുന്ന ലോറി വൈദ്യുതി ലൈനില്‍ത്തട്ടി തീപിടിച്ച് പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. പായം ചടച്ചിക്കുണ്ടത്തിലെ ഒരു ചകിരി സംസ്കരണ കേന്ദ്രത്തില്‍ നിന്നും ചകിരി ഉത്പന്നങ്ങളും കയറ്റി കര്‍ണ്ണാടകത്തിലേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപ്പിടിച്ചത്. ഇരിട്ടി അഗ്നിശമന സേനയെ വിവിരമറിയിച്ചതിനെത്തുടര്ന്ന് സ്റ്റേഷന് ഓഫീസര്‍ ജോണ്സണ് പീറ്ററുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലോറി പൂര്‍ണ്ണമായും കത്തിനശിച്ചു.
രണ്ടു മാസം മുന്‍പ് ഇതേ റോഡില്‍ ചകിരി ഉത്പന്നങ്ങള്‍ കയറ്റി പോവുകയായിരുന്ന മറ്റൊരു ലോറി വൈദ്യുത ലൈനില്‍ത്തട്ടി തീപ്പിടിച്ചു കത്തി നശിച്ചിരുന്നു. വീതികുറഞ്ഞ റോഡും വൈദ്യുതി ലൈനുകള്‍ താഴ്ന്നു കിടക്കുന്നതുമാണ് അപകടത്തിനു കാരണമാവുന്നത്. ഇരിട്ടി പാലത്തിലെ ഭാരവാഹനങ്ങളുടെ നിയന്ത്രണം മൂലം വലിയ വാഹനങ്ങള്‍ ഇപ്പോള്‍ ജബ്ബാര്‍ കടവ് പാലം കടന്നു ഈ റോഡ് വഴിയാണ് കടന്നുപോകുന്നത്. ഇന്നലെ മേടത്തിറ ഉത്സവം നടക്കുന്ന മുണ്ടയാം പറമ്പ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള നൂറു കണക്കിന് വാഹനങ്ങളും ഈ റോഡു വഴിയായിരുന്നു തിരിച്ചു വിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: