ഇടുക്കി: പടക്കം പൊട്ടിക്കുമ്പോഴും വെടിക്കെട്ട് നടത്തുമ്പോഴുമുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജില്ലാകലക്ടര്‍ ഡോ. എ. കൗശിഗന് നിര്‍ദ്ദേശിച്ചു. ജില്ലയില്‍ ആരാധനാലയങ്ങളില്‍ പെരുന്നാളുകള്‍, ഉത്സവാഘോഷങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ ഫയര്‍ വര്‍ക്സ് ഡിസ്പ്ലേ, പടക്കംപൊട്ടിക്കല്, വെടിക്കെട്ട് എന്നിവ നടത്തുന്നതിനുള്ള നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാകലക്ടര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം കേസുകളില്‍ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധന ഉത്തരവ് നല്‍കും. അനധികൃതമായി പടക്കങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതായി അറിവ് ലഭിക്കുന്ന പൊതുജനങ്ങള്‍ സുരക്ഷ മുന്‍നിര്‍ത്തി എത്രയും പെട്ടെന്ന് പോലീസിനെ വിവരം അറിയിക്കണമെന്ന് ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു.
നിലവില്‍ പടക്കങ്ങള്‍, ഫയര്‍ വര്ക്സുകള് എന്നിവ സൂക്ഷിച്ചിട്ടുള്ളവര്‍ ഇവ സ്വന്തം നിലയില്‍ നിര്‍വീര്യമാക്കുവാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഇവ നിര്‍വീര്യമാക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി പോലീസിനെ വിവരമറിയിക്കണം. ഫയര്‍ വര്‍ക്സ് പ്രദര്‍ശനം, പടക്കംപൊട്ടിക്കല്, വെടിക്കെട്ട് എന്നിവ നടത്തുന്നതിന് എക്സ്പ്ലോസീവ് നിയമപ്രകാരം ജില്ലാ മജിസ്ട്രേറ്റില്‍ നിന്നും മുന്‍കൂര്‍ ലൈസന്‍സ് ആവശ്യമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അനിവാര്യഘടകമായതിനാല് ജില്ലയില്‍ പെരുന്നാളുകള്‍, ഉത്സവാഘോഷങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഫയര്‍ വര്‍ക്സ് ഡിസ്പ്ലേ, പടക്കംപൊട്ടിക്കല്, വെടിക്കെട്ട് എന്നിവ നടത്തുന്നതിനും സൂക്ഷിക്കുന്നതിനും ജില്ലാ മജിസ്ട്രേറ്റില്‍ നിന്നും മുന്‍കൂര്‍ ലൈസന്‍സ് എടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ സ്ഫോടകവസ്തു ചട്ടങ്ങളും മറ്റ് നിയമങ്ങള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാകലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: