കൊച്ചി: രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയുടെ വ്യാജപ്രിന്റ് ഇന്റര്‍നെറ്റില്‍. തമിഴ് ടോറന്റ് എന്ന സൈറ്റാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്. മുന്‍പ് വിജയ്യുടെ ‘തെരി’ എന്ന ചിത്രവും ഈ സൈറ്റിലൂടെ തന്നെ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു. സൈബര്‍ ഡോമിന്റെ സഹായത്തോടെയാണ് പോലീസ് ഇത് കണ്ടെത്തിയത്.
13,000 ല്‍ അധികം പേര് ഇതുവരെ ഇന്റര്‍നെറ്റിലൂടെ വ്യാജ പ്രിന്റ് കണ്ടുവെന്നാണ് സൂചന. ക്യാപിറ്റോള്‍ മൂവീസിന്റെ ബാനറില്‍ രഞ്ജിത് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച പുതിയ ചിത്രം ഈ മാസം 22 നാണ് കേരളത്തില്‍ തീയറ്ററുകളിലെത്തിയത്. ഇതോടൊപ്പം ഓണ്‍ലൈനായും ചിത്രം റിലീസ് ചെയ്തിരുന്നു. ഉണ്ണി. ആര് തിരക്കഥയെഴുതിയ ചിത്രത്തില്‍ ബിജു മേനോനാണ് നായകനായി അഭിനയിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നിര്‍മ്മാതാവും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രഞ്ജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മലയാളത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് റിലീസിങ്ങിനൊരുങ്ങിയ ചിത്രം എന്ന പേരില്‍ ലീല ഏറെ ചര്‍ച്ചയായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയുമായുള്ള ചില പ്രശ്നങ്ങള്‍ മൂലം തീയറ്ററുകള്‍ ലഭിക്കാതിരുന്നതാണ് ലീല ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തിന് തീയറ്ററുകള്‍ ലഭിക്കുകയായിരുന്നു. മികച്ച പ്രതികരണം സ്വന്തമാക്കിയ ലീല നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: