അഴീക്കോട്: ഇടത്-വലത് മുന്നണികളുടെ പ്രകടനപത്രിക ശുദ്ധ തട്ടിപ്പാണെന്ന് പി.കെ.വേലായുധന് ആരോപിച്ചു. അഴീക്കോട് മണ്ഡലം മഹിളാ മോര്‍ച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി കേരള ജനതക്ക് വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലെത്തിയാല്‍ ജനങ്ങളെ മറക്കുന്ന മുന്നണികള്‍ അതേ രീതിയില്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും പ്രകടന പത്രികയുമായി രംഗത്തിറങ്ങിയത്. ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍ നിറഞ്ഞതും കാപട്യം ഉള്ളിലൊളിപ്പിച്ച് നന്മയുടെ മുഖാവരണം അണിഞ്ഞുമാണ് ഇരു മുന്നണികളും പ്രകടന പത്രിക പുറത്തുവിട്ടത്. കഴിഞ്ഞ പത്ത് കൊല്ലത്തെ ചരിത്രത്തില്‍ രണ്ട് മുന്നണികളും പുറത്തിറക്കിയ പ്രകടനപത്രിക പരിശോധിച്ചാല്‍ എത്രകാര്യങ്ങള്‍ നടപ്പിലാക്കിയെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുണ്ട്. ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാതെ സരിതയിലും, ബാറിലും കായികമേള വിവാദത്തിലും, വിദ്യാഭ്യാസ തട്ടിപ്പിലും അവസാനം ഭൂമി തട്ടിപ്പിലും വരെ എത്തി നാടുമുടിച്ചുവരും അതിന് കുടപിടിച്ച് സഹായം ചെയ്ത ഇടതുപക്ഷവും വീണ്ടും പുതിയ വേഷത്തില്‍ വന്ന് ജനങ്ങളെ വഞ്ചിക്കുകയാണ്. ഈ വഞ്ചന ജനങ്ങള്‍ തിരിച്ചറിയണം. ഇവരുടെ വഞ്ചനക്കെതിരെ ചുട്ടമറുപടികൊടുക്കാന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി ഹരിപ്രിയ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡണ്ട് വിനീഷ് ബാബു, ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു, ലോകേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: