തിരുവനന്തപുരം: ടെന്നീസ് ക്ലബ്ബിന്റെ പാട്ട കുടിശ്ശിക എഴുതി തള്ളാന്‍ കെ. മുരളീധരന് എംഎല്‍എ ശുപാര്‍ശ നല്‍കിയത് വിവാദത്തിലേക്ക്. ഉന്നതന്മാര് അടങ്ങുന്ന ക്ലബ്ബിന്റെ 11 കോടിയില്‍പ്പരം രൂപ പാട്ടകുടിശ്ശിക എഴുതി തള്ളാനാണ് മുരളീധരന് ശുപാര്‍ശ നല്‍കിയത്. മുരളീധരന് മാനേജിംഗ് കമ്മിറ്റി ചെയര്‍മാനായുള്ള ജവഹര്‍ ബാലഭവന്റെ ഒരു കോടിയില്‍പ്പരം രൂപ പാട്ടക്കുടിശ്ശിക എഴുതിതള്ളാന്‍ ശുപാര്‍ശ നല്‍കാതെയാണ് ടെന്നീസ് ക്ലബ്ബിനുള്ള പാട്ടകുടിശ്ശിക എഴുതി തള്ളാനുള്ള തീരുമാനം മുരളീധരന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ഇതുവരെ ഒരൊറ്റ കളിക്കാരനെപ്പോലും സംഭാവന ചെയ്യാന്‍ ടെന്നീസ് ക്ലബ്ബിന് സാധിച്ചിട്ടില്ല. ക്ലബ്ബിലെ അംഗങ്ങളായ ഉന്നതന്മാര്ക്ക് മാത്രം വേണ്ടിയുള്ളതാണ് പരിശീലനത്തിനുള്ള സ്ഥലം. മുരളീധരന് ടെന്നീസ് ക്ലബ്ബിനോടുള്ള അതിരുവിട്ട സ്നേഹം നാഷണല്‍ ഗെയിംസ് സമയത്തും വിവാദമുയര്‍ത്തിയിരുന്നു. ടെന്നീസ് ക്ലബ്ബിന് നാലു കോടി അനുവദിച്ചതില്‍ മുരളീധരന് വ്യക്തമായ പങ്കുണ്ടായിരുന്നു. സര്‍ക്കാര്‍ വക സ്ഥലത്ത് പാട്ട വ്യവസ്ഥയില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് ക്ലബ്ബുകള്‍ക്കൊന്നും തുക അനുവദിക്കുന്നതില്‍ താത്പര്യം എടുക്കാതെ ടെന്നീസ് ക്ലബ്ബിന് മാത്രം തുക അനുവദിപ്പിക്കുന്നതിന് മുരളീധരന് നടത്തിയ നീക്കത്തിലെ ദൂരൂഹത ഇനിയും വെളിവായിട്ടില്ല.
തിരുവനന്തപുരം നഗരത്തിലെ കവടിയാറില്‍ കണ്ണായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ക്ലബ്ബിന്റെ 2 ഏക്കര്‍ 27 സെന്റ് ക്ലബ്ബിന്റെ പേരില്‍ പതിച്ചുനല്‍കാനും നീക്കം നടത്തുന്നുണ്ട്. ടെന്നീസ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിന്നും അരകിലോമീറ്റര്‍ വ്യത്യാസമേ ഉള്ളൂ കുരുന്നുകള്‍ അവധിക്കാലത്തും അല്ലാതെയും വിവിധ കലാപ്രകടനങ്ങള്‍ അഭ്യസിക്കുന്ന ജവഹര്‍ ബാലഭവന്. രണ്ടര ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ബാലഭവന്റെ പാട്ടകുടിശ്ശിക ഒരു കോടി കഴിഞ്ഞിരിക്കുകയാണ്. ഇത് എഴുതി തള്ളാന്‍ നടപടിയെടുക്കാതെ ബാധ്യതയുടെ പേരില്‍ ജവഹര്‍ ബാലഭവന്റെ രണ്ടര ഏക്കര്‍ സ്ഥലത്ത് ചലച്ചിത്ര അക്കാദമിക്കു നല്‍കുകയായിരുന്നു. അക്കാദമിക്കുവേണ്ടി ആസ്ഥാന മന്ദിരവും മിനി തിയേറ്ററും നിര്‍മ്മിക്കുന്നതിനുവേണ്ടി സ്ഥലം വിട്ടു കൊടുക്കാന്‍ തീരുമാനിച്ചതും മിനി തിയേറ്ററിന്റെ പണി ആരംഭിച്ചതും മുരളീധരന്റെ അറിവോടെയായിരുന്നു.
സംവിധായകന് പ്രിയദര്ശന് ചലച്ചിത്ര അക്കാദമി ചെയര്മാന് ആയിരുന്നപ്പോള്‍ അക്കാദമി ഓഫീസ് നിര്‍മ്മിക്കുന്നതിന് സ്ഥലം നിര്‍ദ്ദേശിച്ചതും കണ്ടെത്തിയതും ടാഗോര്‍ തിയേറ്റര്‍ വളപ്പിലായിരുന്നു. ടാഗോര്‍ തിയേറ്റര്‍ പരിസരം ചില റിട്ട. ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിഐപി സംഘം പ്രഭാത സാവാരിക്ക് ഉപയോഗിച്ചു വരുന്നുണ്ട്. അത് തടസ്സപ്പെടുമെന്നതിനാല്‍ വിഐപി സംഘം മുരളീധരനെ സമീപിക്കുകയും ബാലഭവന്റെ വസ്തു വിട്ടുകൊടുക്കുകയും ചെയ്യുകയായിരുന്നു. നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ബാല ഭവനെ തകര്‍ക്കുകയും ഉന്നതന്മാരുടെ താളത്തിനൊത്ത് തുള്ളുകയും ചെയ്യുന്ന മുരളീധരന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉളവാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: