ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമാവലിക്കുള്ളില്‍ നില്‍ക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിയോഗിച്ച ചെലവ് സംബന്ധിച്ച നിരീക്ഷകരായ കെ. അരവിന്ദ്, എസ്. ബാലകൃഷ്ണ, ഡോ. ചിത്തരഞ്ജന് ദംഗഡ മാജി എന്നിവര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിരീക്ഷകര്‍.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ ജനറല്‍ രജിസ്റ്റര്‍, ക്യാഷ് രജിസ്റ്റര്‍, ബാങ്ക് രജിസ്റ്റര്‍ എന്നിവ കൃത്യമായി സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഫലപ്രദമായ നടപ്പാക്കലിന് ചെലവ് സംബന്ധിച്ച നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ആര്. ഗിരിജയുടെ ആധ്യക്ഷ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് എക്സ്പന്‍ഡീച്ചര്‍ ഒബ്സര്‍വര്‍മാര്‍, ഫഌയിങ് സ്ക്വാഡ്, അക്കൗണ്ടിങ് ടീം എന്നിവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നോഡല്‍ ഓഫീസര്‍ കെ.ബി. മനോഹരന് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിരീക്ഷകര്‍ വെള്ളിയാഴ്ചയാണ് ജില്ലയിലെത്തിയത്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ നിയോജക മണ്ഡലങ്ങളുടെ ചുമതല ഡോ. ചിത്തരഞ്ജനും കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളുടെ ചുമതല ബാലകൃഷ്ണയ്ക്കും അമ്പലപ്പുഴ, ഹരിപ്പാട്, കുട്ടനാട് മണ്ഡലങ്ങളുടെ ചുമതല നിരീക്ഷകനായ അരവിന്ദനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: