ആലപ്പുഴ: റൈസ് ബയോപാര്ക്കിനായുള്ള കുട്ടനാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. നെല്ലില്‍ നിന്നു വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കി മൂല്യവര്‍ധനയിലൂടെ കര്‍ഷകര്‍ക്കു വര്‍ധിച്ച ആദായം നേടക്കൊടുക്കാനായി ആധുനിക സാങ്കേതികവിദ്യയും യന്ത്രസംവിധാനങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സമുച്ചയാണ് റൈസ് ബയോ പാര്‍ക്ക്.
കുട്ടനാടിന്റെ ബ്രാന്‍ഡിലുള്ള അരി, വിവിധ അരിപ്പൊടി ഇനങ്ങള്‍, ഉമിയില്‍ നിന്നുള്ള ഊര്‍ജം,
ഉമിച്ചാരത്തില്നിന്നു സിലിക്ക, തവിടില്‍നിന്ന് എണ്ണ, കാലിത്തീറ്റ, റെഡി ടു ഈറ്റ് തുടങ്ങിയവ ഈ പാര്‍ക്കില്‍ ഉത്പാദിപ്പിക്കാവുന്ന ഉത്പന്നങ്ങളാണ്. കുട്ടനാട്ടില്‍ ആവശ്യമായ സ്ഥലം നല്കാമെങ്കില് കുട്ടനാട്ടില്തന്നെ റൈസ് ബയോ പാര്‍ക്ക് സ്ഥാപിക്കാമെന്നു മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ മുമ്പ് പറഞ്ഞിരുന്നു. പദ്ധതിക്കു പത്തേക്കറോളം സ്ഥലമാണ് വേണ്ടതെന്നായിരുന്നു പ്രധാനനിര്‍ദേശം. 2012ല്‍ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ നടന്ന റൈസ് ബയോപാര്‍ക്ക് ശില്പശാല ഉദ്ഘാടനം ചെയ്തു അന്നു ധനമന്ത്രിയായിരുന്ന കെ.എം. മാണി റൈസ് ബയോ പാര്‍ക്കിനു മുന്‍ഗണന കുട്ടനാടിനു തന്നെയാണെന്നു പറഞ്ഞിരുന്നു.
എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നോക്കാതെ നിര്‍ദ്ദേശം അധികൃതര്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍, ഇതിന്റെ പ്രായോഗികത എത്രത്തോളമുണ്ടാകും എന്നതിനെക്കുറിച്ചും ആശങ്കകളുയര്‍ന്നിരുന്നു. ഇത്രയും സ്ഥലം എങ്ങനെ കുട്ടനാട്ടില്‍ കണ്ടെത്തുമെന്നതായിരുന്നു പ്രധാന ആശങ്ക. ഇതിനായി നെല്‍പ്പാടങ്ങള്‍ നികത്തേണ്ടിവരും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍പ്പെടുന്ന കുട്ടനാട്ടിലെ ഒരു ലക്ഷം ഏക്കറില്‍ വിളയുന്ന ഏകദേശം 2.5 ലക്ഷം ടണ്‍ നെല്ലുമുഴുവന്‍ കുട്ടനാട്ടില്‍ തന്നെ സൂക്ഷിച്ചുവയ്ക്കണം. സിവില്‍ സപ്ളൈസ് കോര്പറേഷന് വഴിയുള്ള സര്‍ക്കാരിന്റെ നെല്ലുസംഭരണം അട്ടിമറിക്കപ്പെടുമോ, റൈസ് പാര്‍ക്കിലേക്കായി 5.5 ലക്ഷം ടണ്‍ നെല്ല് കര്‍ഷകര്‍ക്കു രൊക്കം പണം നല്കി ആരു സംഭരിക്കും തുടങ്ങിയ ആശങ്കകളും ഉണ്ടായിരുന്നു.
എന്നാല്‍ പദ്ധതിക്കായി പിന്നീട് ചര്‍ച്ചകളും പരിഹാരങ്ങളുമൊന്നും ഉണ്ടായില്ല. കുട്ടനാടന്‍ കാര്‍ഷികമേഖലയെ വ്യവസായവത്ക്കരിക്കുന്നതിനു പുറമെ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്നതുമായ പദ്ധതികള്‍ ഇവിടെ ആവിഷ്ക്കരിക്കണമെന്നത് കുട്ടനാടന്‍ കര്‍ഷകരുടെ നീണ്ടകാലത്തെ ആവശ്യങ്ങളില്‍ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: