ഷീനാസതീഷ്
തിരുവനന്തപുരം: ഇരുമുന്നണികളും വികസന വാഗാദാനങ്ങള്‍ നടത്തി മത്സരിക്കുമ്പോഴും വികസനം എത്തിനോക്കാതെ നഗരഹൃദയത്തില്‍ ഒരു പ്രദേശം. മതിയായ താമസ സൗകര്യങ്ങളില്ലാതെ, കുടിവെള്ളമില്ലാതെ ഡ്രെയിനേജ് സൗകര്യമില്ലാതെ ജീവിക്കുന്ന ഒരു പറ്റം മനുഷ്യ ജീവികള്‍. സെക്രട്ടേറിയറ്റിനു മൂക്കിന് തുമ്പില്‍ ഉള്ള പ്രദേശത്തെ ഒരു ജനതയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പോലും പരിഹരിക്കാത്ത ഭരണാധികാരികള്‍ വീണ്ടും മോഹവാഗ്ദാനങ്ങളുമായി തങ്ങളുടെ മണ്ണില്‍ കാലുകുത്തരുതെന്ന നിലപാടിലാണ് രാജാജി നഗര്‍ നിവാസികള്‍. മന്ത്രി വി.എസ്. ശിവകുമാറിന്റെ വികസന പെരുമ ഒലിച്ചുപോയ പ്രദേശമാണ് രാജാജി നഗര്‍. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, മാലിന്യ ശേഖരം, കോളനിക്കകത്തു കൂടെ കടന്നുപോകുന്ന മാലിന്യം നിറഞ്ഞ ആമയിഴഞ്ചാന്‍തോട്, എന്നിവയെല്ലാം രാജാജിനഗറിലെ പ്രശ്നങ്ങളാണ്. പതിനൊന്നര ഏക്കര്‍ സ്ഥലത്ത് 1,000 ത്തില്പരം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സര്‍ക്കാര്‍ കണക്കുപ്രകാരം 975 കുടുംബങ്ങളിലായി കുട്ടികളടക്കം 6,000 ത്തോളം പേര് ഇവിടെ താമസിക്കുന്നു.
നാലു ഘട്ടങ്ങളിലായി പണികഴിപ്പിച്ച 15 വര്‍ഷം മുതല്‍ 40 വര്‍ഷം വരെ പഴക്കം ചെന്ന ഫഌറ്റുകളാണ് ഇവിടെയുളളത്. ഇതില്‍ മിക്കവയും നിലംപൊത്താറായ അവസ്ഥയിലാണ്. രാജാജി നഗറിലെ പ്രശ്നങ്ങള്‍ അറിയാനോ പരിഹാരം കാണാനോ സര്‍ക്കാരോ ജനപ്രതിനിധികളോ പലപ്പോഴും തുനിയാറില്ല.
രാജാജി നഗറില്‍ നാലാം ഘട്ടത്തില്‍ പണിഞ്ഞ ഫഌറ്റുകളില്‍ഒന്നിലും കുടിവെളള കണക്ഷന് ഇതുവരെ എത്തിയിട്ടില്ല. മുപ്പതോളം വീട്ടുകാര്‍ താമസിക്കുന്ന ഇവിടെ ഒരേയൊരു പൈപ്പാണ് ഉളളത്. രാപകലന്യേ ഓരോ വീട്ടുകാരും വെളളം പിടിക്കാന്‍ നെട്ടോട്ടമോടുകയാണ്. മുകള്‍നിലകളില്‍ താമസിക്കുന്നവരെയും രോഗികളെയുമാണ് ഇത് കൂടുതലും വലയ്ക്കുന്നത്. വെളുപ്പിന് നാലുമണിക്കുവരെ എഴുന്നേറ്റ് വെളളം പിടിക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്.
നിലവിലുള്ള ഫഌറ്റുകളും വീടുകളും ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയിലാണ്. ചുവരുകളും മറ്റും പൊളിഞ്ഞുവീണ് അപകടങ്ങള്‍ ഉണ്ടാകുക സാധാരണമാണ്. കോര്‍പ്പറേഷനില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി അനുവദിക്കുന്ന തുക വേണ്ടരീതിയില്‍ വിനിയോഗിക്കാറില്ല. 20 വര്‍ഷം യുഡി എഫ് കൗണ്‍സിലറായിരുന്ന ഇവിടെ ഇപ്പോള്‍ എല്‍ഡി എഫ് കൗണ്‍സിലറെയാണ് വിജയിപ്പിച്ചത്. എന്നാല്‍ 6 മാസം പിന്നിട്ടിട്ടും ഈ കോളനിയിലെ മാലിന്യ പ്രശ്നം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമായില്ല.
കുറേക്കാലമായി റോഡുകളുടെ പണിയും ഇവിടെ നടന്നിട്ടില്ല. വെളളം ഒഴുകിപ്പോകാനുളള സൗകര്യം ഇല്ലാത്തതിനാല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ മഴക്കാലമായാല്‍ സാംക്രമിക രോഗങ്ങള്‍ പടരും. അടുത്തിടെ ഓപ്പറേഷന് അനന്തയുടെ പേരില്‍ തോട് വൃത്തിയാക്കിയിരുന്നു. എന്നാല്‍ മാലിന്യം നിക്ഷേപിക്കാനോ സംസ്കരിക്കാനോ സംവിധാനമൊരുക്കാത്തതിനാല്‍ മിക്ക കുടുംബവും ഓടയിലാണ് മാലിന്യം തളളുന്നത്. ഇത് കാരണം കോളനിക്കകത്ത് സദാസമയം ദുര്‍ഗന്ധമാണ്. വീടുകളിലെ ഡ്രെയിനേജ് സംവിധാനവും തകരാറിലാണ്. ഡ്രെയിനേജ് പൊട്ടി അടുക്കളയിലേക്കും മറ്റും ഒഴുകുന്നതിനാല്‍ വീടിനകത്തു ആഹാരം ഉണ്ടാക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
കേരള അര്‍ബന്‍ ഡവലപ്മെന്റ് ആന്‍ഡ് ഫൈനാന്‍സ് കോര്പ്പറേഷന് രാജാജി നഗറില്‍ ഫഌറ്റുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതിയുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുവന്നിരുന്നു. ഇപ്പോഴുളള 150 സ്ക്വയര്‍ ഫീറ്റില്‍ നിന്ന് 400 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുളള ഫഌറ്റ് നിര്‍മ്മിച്ചു നല്‍കാനാണ് തീരുമാനം. അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായാണ് കോളനി ഒഴിപ്പിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇവിടെ നടപ്പാക്കാന്‍ പോവുന്ന പദ്ധതിയെക്കുറിച്ച് വ്യക്തമായ രൂപരേഖ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വന്‍കിട വാണിജ്യസമുച്ചയമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. എന്നാല്‍ കോളനിനിവാസികളെ ഒഴിപ്പിച്ച് വാണിജ്യസമുച്ചയം നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നതിനാല്‍ പദ്ധതി സര്‍ക്കാരിന് നിര്‍ത്തിവയ്ക്കണ്ടിവന്നിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നാല്‍ ഈ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. തങ്ങളെ ഒഴിപ്പിച്ച് നഗരത്തിലെ ഹൃദയഭൂമി കച്ചവടം ചെയ്യാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാരോപിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
ഇവരെ പുനരവധിവസിപ്പിക്കുമെന്ന്് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മറ്റൊരു കോളനിയായ കരിമഠത്തുപോലും ഇതുവരെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല.വന്‍കിട റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ പല നീക്കങ്ങളും മുമ്പും നടത്തിയിരുന്നു. കോളനിവാസികളോട് നിരവധിതവണ ജില്ലാഭരണകൂടം കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ടായിരുന്നു.
ഒരു വര്‍ഷം മുന്‍പ്്് കോളനിയുടെ നവീകരണത്തിനായി രണ്ടുകോടി അനുവദിച്ചതായി സ്ഥലം എംഎല്‍എകൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ കൂറ്റന്‍ ഫഌക്സ് സ്ഥാപിച്ചിരുന്നു.ജീര്‍ണ്ണാവസ്ഥയിലായ മലിനജല സംസ്കരണ സംവിധാനം ശാസ്ത്രീയമായി പുനരുദ്ധരിക്കാനായിരുന്നു പദ്ധതി.എന്നാല്‍ ഒരു പൈസ പോലും ഇവിടെ ചെലവഴിച്ചിട്ടില്ല.പുതിയ മലിനജല സംസ്കരണ സംവിധാനം നിലവില്‍ വന്നാല്‍ കോളനിയിലെ ഡ്രെയിനേജ് ഔട്ട്ലെറ്റുകള് പഴവങ്ങാടിത്തോടിലേക്ക് തുറന്നുവിടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാനാകും.
1998-99 ല്‍ കരുണാകരന് സര്‍ക്കാരിന്റെകാലത്ത് വി.എസ്.ശിവകുമാറിന്റെ എംപി ഫണ്ടുപയോഗിച്ച് സ്ഥാപിച്ച 18 ടോയ്ലറ്റുകള് മുഴുവനും ഉപയോഗശൂന്യമാണ്. ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകാരണം ഡ്രെയിനേജ് പൊട്ടി ഒഴുകുക പതിവാണ്. പൊട്ടി ഒഴുകല്‍ പതിവായതിനാല്‍ ഡ്രെയിനേജ് ഇപ്പോള്‍ തോട്ടിലേക്ക് തുറന്നു വിട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ആകെ ചെയ്തത് ജംഗ്ഷനില്‍ ഒരു ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകമാത്രമാണ്.
എ.കെ. ആന്റണിയുടെ എംപി ഫണ്ടില്‍നിന്ന് ഈ കോളനിയില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍ പണിതിട്ട് എട്ടു വര്‍ഷമായി. എന്നാല്‍ ഈ കോളനിയിലെ ഒരാള്‍ക്കുപോലും ഇവിടെ സൗജന്യമായി ഹാള്‍ അനുവദിച്ചിട്ടില്ല. പുറത്തുള്ള സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിവിധ ചടങ്ങുകള്‍ക്ക് മാത്രമാണ് ഹാള്‍ അനുവദിക്കുക. ഇതില്‍ നിന്നു ലഭിക്കുന്ന പണം മുഴുവന്‍ എങ്ങോട്ടു പോകുന്നു എന്ന് കോളനിക്കാര്‍ക്ക് അറിയില്ല. ചുരുക്കത്തില്‍ കോളനിക്കാര്‍ക്ക് ഈ ഹാളിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഹാളിലെ ടോയ്ലറ്റ് ഉപയോഗശൂന്യമായിക്കഴിഞ്ഞു. ചന്ത നടത്തുന്നതിനായി സ്ഥലം കണ്ടെത്തി അടിസ്ഥാനം ഇട്ടതല്ലാതെ മാര്‍ക്കറ്റ് പണിയും എങ്ങുമെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: