കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ഔദ്യോഗികപക്ഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന പിണറായി വിജയന് മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ വിഎസിന്റെ പര്യടനം. പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയാണ് വി.എസ്.അച്യുതാനന്ദനുളളതെന്ന സിപിഎം സംസ്ഥാനസമിതി പ്രമേയം നിലനില്ക്കുന്നുവെന്ന പിണറായിയുടെ കഴിഞ്ഞ ദിവസത്തെ പരാമശത്തെക്കുറിച്ച് വിഎസ് ഒന്നും മിണ്ടിയില്ല. കണ്ണൂരില്‍ രാവിലെ പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള മീറ്റ് ദി പ്രസ് പരിപാടിയില്‍ വിഎസ് പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അവസാനനിമിഷം റദ്ദാക്കി. ഉച്ചവരെ ഇന്നലെ ഒരെയൊരു പ്രചരണ പരിപാടി മാത്രമായിരുന്നു ജില്ലയില്‍ വിഎസിനുണ്ടായിരുന്നിരുന്നിട്ടും വിഎസ് എന്തിനാണ് മീറ്റ് ദി പ്രസ് ഉപേക്ഷിച്ചതെന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്. പിണറായിയുടെ പരാമര്‍ശത്തിനെതിരെ വല്ലതും വിഎസ് പറയുമെന്ന ഭയത്തില്‍ സിപിഎം നേതൃത്വം ഇടപെട്ട് മുഖാമുഖം റദ്ദു ചെയ്യുകയായിരുന്നുവെന്നറിയുന്നു. ടിപി ചന്ദ്രശേഖരന്റെ വധം നടന്ന സമയത്തും കണ്ണൂരിലെത്തിയ വിഎസിനെ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്ത സംഭവമുണ്ടായിരുന്നു. ഇന്നലെ രാവിലെയും ബുധനാഴ്ച രാത്രിയും വിഎസ് താമസിച്ച ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ വിഎസിനെ കാണാനെത്തിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. കണ്ണൂരിലെ പാര്‍ട്ടി നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇതെന്നാണ് സൂചന.
കാലങ്ങളായി സിപിഎമ്മിലെ കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കള്‍ക്ക് അനഭിമതനാണ് വിഎസ്. കണ്ണൂരിലെ സിപിഎം അക്രമ രാഷ്ട്രീയത്തെയും കണ്ണൂര്‍ നേതാക്കളുടെ ചെയ്തികളേയും പലപ്പോഴും വിഎസ് ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചിരുന്നു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം പാര്‍ട്ടി കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുടെ നിര്‍ദ്ദേശം മറികടന്ന് വീട്ടിലെത്തി ചന്ദ്രശേഖരന്റെ ഭാര്യയായ രമയെ കണ്ടതും പാര്‍ട്ടി പുറത്താക്കിയ കണ്ണൂര്‍ നാറാത്തെ ബര്‍ലിന്‍ കുഞ്ഞനന്തന് നായരെ പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി വീട്ടിലെത്തി കാണുകയും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതുമെല്ലാം വിവാദമായിരുന്നു. മാത്രമല്ല കണ്ണൂരില്‍ ഔദ്യോഗികപക്ഷത്തിന്റെ പരിപാടികളിലൊന്നും വിഎസിനെ പങ്കെടുപ്പിക്കാറില്ലായിരുന്നു. എന്നും വിഎസിനെ തളളിയ സിപിഎം ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി വോട്ടുതട്ടാമെന്നു മാത്രം ലക്ഷ്യംവെച്ചാണ് ഇന്നലെ പിണറായി മത്സരിക്കുന്ന മണ്ഡലത്തിലടക്കം വിഎസിനെ പ്രസംഗിപ്പിച്ചത്. പാര്‍ട്ടിയിലെ ചില വിഎസ് അനുകൂലികളെ സ്വാധീനിച്ച് ഏറെ പണിപ്പെട്ടാണ് വിഎസിനെ കണ്ണൂരിലെത്തിച്ചത് എന്നറിയുന്നു. പിണറായിയുടെ മണ്ഡലത്തില്‍ പ്രചരണത്തിന് താനില്ലെന്ന് മനസ്സുകൊണ്ട് വിഎസ് ആദ്യമേ തീരുമാനിച്ചിരുന്നതായും എന്നാല്‍ പിണറായി പങ്കെടുക്കുന്നില്ലെന്ന ഉറപ്പിനൊടുവില് മനമില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നുവെന്നാണ് സൂചന.
കാലങ്ങളായി തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പിണറായിയും വിഎസും ഒന്നിച്ച് പ്രചരണം നടത്താറില്ല. ഇതിന്റെ തുടര്‍ച്ചെയന്നോണമാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നിട്ടും വിഎസിനെ പോലുളള ഒരു നേതാവ് പ്രസംഗിക്കുന്ന മണ്ഡലംതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലും പിണറായി വിട്ടുനിന്നതെന്നാണ് സൂചന. എന്തായാലും തെരഞ്ഞെടുപ്പ് പരിപാടികളില്‍ പിണറായിയുടെ പരാമര്‍ശത്തിന് വിഎസ് മറുപടി പറഞ്ഞിലെങ്കിലും കണ്ണൂരിലിരുന്ന് ഫെയ്സ്ബുക്കിലൂടെ പിണറായിയെ ഉപദേശിക്കുകയുണ്ടായി. അഭിപ്രായം പറയുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ സൂക്ഷിക്കണമെന്നും തന്നെക്കുറിച്ച് പിണറായി പറഞ്ഞത് തിരുത്തിയതായി കാണുന്നുവെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്ന വാക്കുകള്‍ അബദ്ധത്തില്‍ പോലും പറയരുതെന്നും പിണറായിയുടെ പേര് പറയാതെ പറഞ്ഞ് വിഎസ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു. ഇതോടെ വിഎസിനെതിരെ പിണറായിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: