ന്യൂദല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന് പനാമയില്‍ കള്ളപ്പണ നിക്ഷേപമുള്ളതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. 1994 ഡിസംബര്‍ 12ന് പനാമയിലെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ടെലികോണ്‍ഫറന്‍സ് വഴി അമിതാഭ് ബച്ചന്‍ പങ്കെടുത്തതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റാണ് (ഐസിഐജെ) വാര്‍ത്ത പുറത്തുവിട്ടത്.
ഇതുപ്രകാരം ബഹാമാസിലെ ട്രാം ഷിപ്പിങ് ലിമിറ്റഡ്, വെര്‍ജിന്‍ ദ്വീപിലെ സീ ബള്‍ക്ക് എന്നീ കമ്പനികളിലായി അമിതാഭ് ബച്ചന്‍ ഓഹരി നിക്ഷേപം നടത്തിയതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ബച്ചന്‍ പങ്കെടുത്തതിന്റെ രേഖകളും ഇതില്‍ ഉള്‍പ്പെടും. ബ്രിട്ടനിലെ ചാനല്‍ ദ്വീപിലാണ് യോഗം നടന്നത്.
കൂടാതെ ഈ കമ്പനികള്‍ 1994 ഡിസംബര്‍ 12ന് ദല്ല അല്‍ബറാക ഇന്‍വെസ്റ്റ്‌മെന്റ്് കമ്പനിയില്‍ നിന്നും 1.75 ദശലക്ഷം ഡോളര്‍ വായ്‌പയെടുത്തതായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. 1993 മുതല്‍ 1997 വരെ ഇരുകമ്പനികളുടെയും ഡയറക്ടര്‍ പട്ടികയിലും ബച്ചന്റെ പേരുണ്ട്. 1994 ഡിസംബര്‍ 12ന് ചേര്‍ന്ന കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങില്‍ ബച്ചന്‍ ഒപ്പുവെച്ചതായും രേഖകളില്‍ പറയുന്നുണ്ട്്.
എന്നാല്‍ പനാമ രേഖകളില്‍ പറയുന്നകമ്പനികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബച്ചന്‍ പറഞ്ഞു.
തന്റെ പേര് ദുരുപയോഗം ചെയ്തതാണ്. വിദേശത്ത് നിക്ഷേപം നടത്തിയതിന്റെയും ചെലവാക്കിയതിന്റെയും അടക്കം ഭാരതത്തില്‍ നികുതിയടച്ചിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്തകളോട് പ്രതികരിച്ചു.
അമിതാഭ് ബച്ചനും, ഐശ്വര്യ റായിയുമടക്കം അഞ്ഞൂറ് ഭാരതീയര്‍ക്ക് വിദേശത്ത് വെളിപ്പെടുത്താത്ത നിക്ഷേപമുണ്ടെന്ന രേഖകളാണ് ഐസിഐജെ പുറത്തുവിട്ടത്. പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമസ്ഥാപനമായ മൊസാക് ഫോണ്‍സെകയില്‍ നിന്നും ചോര്‍ത്തിയതാണ് ഈ വിവരങ്ങള്‍.
















