കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിക്കുന്നില്ല. മന്ത്രി കെ.സി. ജോസഫിനെതിരെ ഇരിക്കൂര്‍ മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തേക്ക്. കെപിസിസി ജനറല്‍ സെക്രട്ടറിയായ അഡ്വ. സജീവ് ജോസഫ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു. എട്ടാം തവണത്തെ മത്സരത്തില്‍ എട്ടുനിലയില്‍ പൊട്ടിയ്‌ക്കാനാണത്രേ തീരുമാനം.
ഇരിക്കൂര്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും കോട്ടയം ജില്ലക്കാരനായ കെ.സി. ജോസഫിനെ മത്സരിപ്പിക്കാനുളള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസ് അടക്കമുളള പോഷക സംഘടനകളും രംഗത്ത് വരികയും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇരിക്കൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.ആര്‍. അബ്ദുള്‍ഖാദര്‍ രാജിവെയ്‌ക്കുകയും മന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്ന ഘട്ടത്തില്‍ വിശാല ഐ ഗ്രൂപ്പ് അനുകൂല നേതാവായ അഡ്വ. സജീവ് ജോസഫിന്റെ പേര് മണ്ഡലത്തിലേക്ക് പരിഗണിക്കുകയും ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തന്റെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാവുമായ കെ.സി.ജോസഫിനു വേണ്ടി ചരടുവലികള്‍ നടത്തുകയും മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വികാരത്തെ മറികടന്ന് കെ.സി. ജോസഫിനെതന്നെ എട്ടാംതവണയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സജീവ് ജോസഫ് മത്സര രംഗത്തിറങ്ങാന്‍ തീരുമാനമെടുത്തത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചുമതലകള്‍ രാജിവെച്ച് അടുത്ത ദിവസം തന്നെ ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്നറിയുന്നു. സജീവ് ജോസഫിനു വേണ്ടി കെ.ആര്‍. അബ്ദുള്‍ഖാദര്‍ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്നും പിന്മാറാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി രംഗത്തിറങ്ങാനും തീരുമാനമെടുത്തു.
റിബല്‍ സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം കെ.സി. ജോസഫിന്റെ തുടര്‍ച്ചയായ എട്ടാം വര്‍ഷവും എംഎല്‍എ ആകാമെന്ന ആഗ്രഹത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പായി. മണ്ഡലത്തില്‍ കെ.സി. ജോസഫിനെതിരെ ആദ്യം തൊട്ട് രംഗത്തെത്തിയ കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടേയും നേതാക്കളും പ്രവര്‍ത്തകരും മുഴുവന്‍ സജീവ് ജോസഫിനു പിന്നില്‍ അണിനിരക്കാന്‍ തീരുമാനമെടുത്തതായും അറിയുന്നു.
















