പെരിന്തല്‍മണ്ണ: കാലങ്ങളായി തങ്ങള്‍ക്കൊപ്പം നിന്ന കേരളത്തിലെ പ്രമുഖ സമുദായത്തിന്റെ പിന്തുണയില്‍ ബിഡിജെഎസ് എന്ന രാഷ്‌ട്രീയ പാര്‍ട്ടി ഉദയം ചെയ്തപ്പോള്‍ തകര്‍ന്നുപോയത് ഇടതുമുന്നണിയുടെ ഹൃദയമാണ്. പ്രത്യേകിച്ച് സിപിഎമ്മിന്.
ജില്ലയില്‍ ആ ക്ഷീണം ഏറ്റവും അധികം ബാധിക്കുന്ന മണ്ഡലങ്ങളിലൊന്നായി പെരിന്തല്‍മണ്ണ മാറുകയാണ്. കാരണം ഹിന്ദുക്കളായ വിരലിലെണ്ണാവുന്ന സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ സിപിഎമ്മിനുള്ളത്. എന്നാല്‍ തീയ്യ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള പെരിന്തല്‍മണ്ണയില്‍ ആ വിഭാഗത്തില്‍ നിന്നുതന്നെയുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് ഗുണം ചെയ്യുമെന്ന് സിപിഎം കണക്കുകൂട്ടി. അങ്ങനെയാണ് സീറ്റ് വേണ്ടെന്ന് കരഞ്ഞുപറഞ്ഞിട്ടും ശശികുമാറിന്റെ തലയില്‍ പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിച്ചത്. എന്നാല്‍ കക്ഷത്തില്‍ ഇരുന്നതും പോയി ഉത്തരത്തിലുള്ളത് എടുക്കാനും പറ്റാത്ത അവസ്ഥയിലായി സിപിഎം. പ്രത്യേകിച്ചും മതേതര പാര്‍ട്ടിയെന്ന് മേനി പറയുന്ന സിപിഎമ്മിന്റെ പുറംപൂച്ചാണ് ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ പുറത്തായത്. അതേസമയം തങ്ങളുടെ അണികള്‍ക്കിടയില്‍ യാതൊരു ചേരിതിരിവും ഉണ്ടാക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് ബിഡിജെഎസ് നേതൃത്വം ഉറപ്പിച്ചു പറയുന്നു. മാത്രമല്ല ബിജെപി അണികളേക്കാള്‍ ആവേശത്തിലാണ് ബിഡിജെഎസ് പ്രവര്‍ത്തകര്‍. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡംഗം രമേശ് കോട്ടായിപ്പുറത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളായി തിരിാണ് അണികളുടെ പ്രവര്‍ത്തനം. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.എം.കെ.സുനിലിന്റെ വിജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ബിഡിജെഎസ് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ എന്‍ഡിഎ സഖ്യത്തിന്റെ ഒത്തൊരുമ കണ്ട് പരസ്പരം വിഴുപ്പലക്കുകയാണ് നിയോജകമണ്ഡലത്തിലെ സിപിഎം നേതൃത്വം. കാരണം, യുഡിഎഫില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. കോണ്‍ഗ്രസ്-ലീഗ് നേതാക്കന്മാര്‍ തമ്മില്‍ രമ്യതയിലായെങ്കിലും ആ സൗഹൃദം അണികള്‍ക്കിടയില്‍ നടപ്പാകുന്നില്ല. പലയിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ ലീഗ് അണികള്‍ മാത്രമെ രംഗത്തുള്ളു. കൂടാതെ കേരള കോണ്‍ഗ്രസ് (എം) മനസില്ലാമനസോടെയാണ് സഹകരിക്കുന്നത്. ഇതൊക്കെ യുഡിഎഫിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുകയാണ്. എന്നാല്‍ എല്‍ഡിഎഫിലാകട്ടേ സിപിഎമ്മും ചെറുകക്ഷികളും തമ്മിലാണ് തര്‍ക്കം. എന്‍സിപിയും ഐഎന്‍എല്ലുമെല്ലാം സഹകരിച്ചു പോകുന്നുവെന്നേയുള്ളു. തങ്ങളെ മുന്നണിയിലെടുക്കാതെ, കുടിക്കിടപ്പുകാരായി കരുതുന്നതില്‍ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്. അതേസമയം എന്‍ഡിഎ സഖ്യത്തിന്റെ ഐക്യവും ഒത്തൊരുമയും ഇടത് വലത് മുന്നണികളെ അസ്വസ്ഥരാക്കുകയാണ്. എന്തായാലും പെരിന്തല്‍മണ്ണ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എംകെ.സുനില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബിജെപിക്ക് അനുകൂലമായ കാറ്റാണ് മണ്ഡലത്തില്‍ വീശുന്നതെന്ന് സുനില് പറഞ്ഞു. പ്രത്യേകിച്ചും മുസ്ലിം ജനവിഭാഗം ഏറെ പ്രതീക്ഷയോടെയാണ് ബിജെപി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
















