ന്യൂദല്‍ഹി: വായ്‌പയെടുത്ത് മുങ്ങിയ വമ്പന്മാരെ പിടികൂടുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ഏതെങ്കിലും വ്യക്തികള്‍ക്കെതിരായ കേസുകളെപ്പറ്റിയല്ല പറയുന്നതെന്നും വിജയ് മല്യയെപ്പോലുള്ള വമ്പന്മാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
വന്‍കിട ഗ്രൂപ്പുകള്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്‌പകള്‍ തിരിച്ചടയ്‌ക്കണം. കൃത്യമായി അടയ്‌ക്കുകയാണെങ്കില്‍ അവര്‍ നിയമനടപടികളില്‍ നിന്നും രക്ഷപ്പെടും.
വിജയ് മല്യയുടെ 9,000 കോടി രൂപയുടെ വായ്‌പ തിരിച്ചുപിടിക്കാനാവശ്യമായ നടപടികളിലേക്ക് കടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
വായ്‌പാ തുകയ്‌ക്ക് മതിയായ ആസ്തികള്‍ ബാങ്കുകള്‍ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും വാങ്ങിവെച്ചിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങളനുസരിച്ച് ബാങ്കിനും മറ്റു ഏജന്‍സികള്‍ക്കും ഇത്തരം വായ്‌പകള്‍ തിരികെ പിടിക്കാനാവശ്യമായ മാര്‍ഗ്ഗങ്ങളുമുണ്ട്, ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം തിരികെ പിടിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് കിങ്ഫിഷര്‍ ഗ്രൂപ്പ് ഉടമ വിജയ് മല്യയ്‌ക്കെതിരെയും കേന്ദ്രസര്‍ക്കാര്‍ നടപടി ശക്തമാക്കിയത്.
വിജയ് മല്യയ്‌ക്ക് അനധികൃതമായി ബാങ്ക് വായ്‌പ ലഭ്യമാക്കിയതില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക്(800 കോടി), ഐഡിബിഐ ബാങ്ക്(800 കോടി), ബാങ്ക് ഓഫ് ഇന്ത്യ(650കോടി),ബാങ്ക് ഓഫ് ബറോഡ(550 കോടി), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ(410കോടി), യൂകോ ബാങ്ക്(320കോടി), കോര്‍പ്പറേഷന്‍ ബാങ്ക്(310കോടി), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍(150കോടി), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്(140കോടി), ഫെഡറല്‍ ബാങ്ക്(90കോടി), ആക്‌സിസ് ബാങ്ക്(50 കോടി) എന്നിങ്ങനെയാണ് വിജയ് മല്യ ഗ്രൂപ്പ് കൊടുത്തുതീര്‍ക്കാനുള്ള വായ്‌പാ കുടിശിക.
പൊതുമേഖലാ ബാങ്കുകളുടെ നഷ്ടത്തെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യം സ്റ്റീല്‍, ടെക്‌സ്റ്റൈല്‍, ഹൈവേ, അടിസ്ഥാന സൗകര്യ മേഖലകളിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി വ്യക്തമാക്കി.
















