മുംബൈ: ഗുജറാത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ ഭീകരപ്രവര്‍ത്തകയാണെന്ന എന്‍ഐഎയ്‌ക്ക് നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബയ് ടാഡ കോടതിയില്‍ നടത്തിയ വിചാരണയിലാണ് ഹെഡ്‌ലി പഴയ മൊഴി ആവര്‍ത്തിച്ചത്.
വീഡിയോ കോണ്‍ഫറന്‍സിങ് വിചാരണയ്‌ക്കിടെ നല്‍കിയ ഫോട്ടോ പരിശോധിച്ചാണ് ഇസ്രത്ത് ജഹാനെ തിരിച്ചറിഞ്ഞത്. ഇവര്‍ ഭീകരപ്രവര്‍ത്തകയാണെന്ന മൊഴിക്കു പിന്നില്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്നും ഹെഡ്‌ലി വ്യക്തമാക്കി.
ലഷ്‌കര്‍ ഇ തോയ്ബയ്‌ക്ക് വനിതാ വിഭാഗവുമുണ്ട്. അബു ഐമാന്റെ ഉമ്മയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. അതേസമയം ഇസ്രത്ത് ജഹാന്‍ ഭീകരപ്രവര്‍ത്തകയാണെന്ന് എന്‍ഐഎയെ മുമ്പ് അറിയിച്ചിരുന്നെങ്കിലും അത് രേഖപ്പെടുത്തിയിരുന്നില്ലെന്നും ഹെഡ്‌ലി കുറ്റപ്പെടുത്തി. എല്‍ഇടി നേതാവ് സാഖിയൂര്‍ റഹ്മാന്‍ ലഖ്‌വിയാണ് ഇസ്രത്ത് ജഹാനെ പരിചയപ്പെടുത്തിയത്. ഇവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളൊന്നും തനിക്ക് അറിയില്ല. 201ല്‍ എന്‍ഐഎക്ക് മൊഴി നല്‍കിയപ്പോഴും ഇക്കാര്യം വെളിപ്പെടുത്തിയതാണ്. പക്ഷെ ഇസ്രത്ത് ലഷ്‌ക്കര്‍ ഭീകരവനിതയാണെന്ന് താന്‍ പറഞ്ഞത് അവര്‍ രേഖകളില്‍ ചേര്‍ക്കാത്തത് അത്ഭുതകരമാണ്. ഹെഡ്‌ലി പറഞ്ഞു.
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷറഫിനെ വധിക്കാന്‍ ലഷ്‌കര്‍ ഇ തോയ്ബ പദ്ധതിയിട്ടിരുന്നുവെന്ന ആരോപണം തെറ്റാണ്. മറിച്ച് ബാല്‍ താക്കറെയെ വധിക്കാനാണ് ശ്രമം നടത്തിയത്. ഇതിനായി ശിവസേനാ അസ്ഥാനത്ത് സന്ദര്‍ശനവും നടത്തിയിരുന്നെന്നും ഹെഡ്‌ലി പറഞ്ഞു. താക്കറെയെ ഒരു പാഠം പഠിപ്പിക്കണമെന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകര നേതാവ് ഹഫീസ് സെയ്ദ് ആവശ്യപ്പട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വധിക്കാന്‍ പദ്ധതിയിട്ടതെന്നും ഹെഡ്‌ലി കൂട്ടിച്ചേര്‍ത്തു.
ഷിക്കാഗോയിലെ ജയിലില്‍ 35 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ഹെഡ്‌ലിയെ വിചാരണ ചെയ്യാന്‍ യുഎസ് അധികൃതര്‍ ഭാരതത്തിന് നാലു ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇന്നലത്തോടെ വിസ്താരം പൂര്‍ത്തിയാക്കി.
സൈനിക ആസ്ഥാനം ചിത്രീകരിച്ചു
ന്യൂദല്‍ഹിയിലെ കരസേനാ ആസ്ഥാനം താന്‍ വീഡിയോയില്‍ ചിത്രീകരിച്ചതായി ഹെഡ്‌ലി ആവര്‍ത്തിച്ച് സമ്മതിച്ചു. കഴിഞ്ഞ മാസം നടന്ന മൊഴിയെടുപ്പിലാണ് സൈനിക ആസ്ഥാനം താന്‍ വീഡിയോയില്‍ ചിത്രീകരിച്ചതായി ഹെഡ്‌ലി വെളിപ്പെടുത്തിയത്. ഇന്നലെയും ഇക്കാര്യം സമ്മതിച്ചു. മുബയ് ഭീകരാക്രമണ ശേഷമായിരുന്നു ഇത്. കരസേനാ ആസ്ഥാനമായ സേനാഭവന്‍ മുതല്‍ നാഷണല്‍ ഡിഫന്‍സ് കോളേജ് വരെയും ഉപരാഷ്‌ട്രപതിയുടെ വസതിയും വീഡിയോയിലാക്കി.
















