ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഭീകരാക്രമണം അഴിച്ചുവിട്ടത് ഐഎസ് ഭീകരരായ സഹോദരന്മാരാണെന്ന് പോലീസ് വെളിപ്പെടുത്തി. ആക്രമണ സംഘത്തിലുണ്ടായിരുന്നവനെന്ന് കരുതുന്ന മൂന്നാമനെ പോലീസ് വ്യാപകമായ തെരച്ചിലിന് ഒടുവില്‍ അറസ്റ്റ് ചെയ്തു. മൂന്നു ഭീകരരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുമുണ്ട്. മൂന്നു പേരും ബെല്‍ജിയം സ്വദേശികളാണ്.
ബ്രാഹി എല്‍ ബക്‌റാവി, സഹോദരന്‍ ഖാലീദ് എല്‍ ബക്‌റാവി എന്നിവരെയാണ് പോലീസ് സംശയിക്കുന്നത്. ഖാലീദിന് 27 വയസുണ്ട്. ഇവര്‍ ചാവേറുകളായിരുന്നുയിരുന്നു. ഖാലീദ് കാര്‍ തട്ടിയെടുത്ത കേസില്‍ 2011ല്‍ അഞ്ചു വര്‍ഷവും പോലീസിനെ വെടിവച്ച കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവര്‍ ആക്രമണത്തില്‍ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.
മൂന്നാമന്‍ പാരീസാക്രമണക്കേസില്‍ പിടിയിലായ സലാ അബ്ദുസലേമിന്റെ അടുത്ത സുഹൃത്തായ നജീം ലാച്ച്‌റൂയിയാണ്. 24 കാരനായ ഇയാളെയാണ് അറസ്റ്റു ചെയ്തത്. ചിത്രത്തില്‍ തൊപ്പി വച്ചു നില്‍ക്കുന്നത് ഇയാളാണ്.
ചൊവ്വാഴ്ച രാവിലെ നടന്ന ഭീകരാക്രമണ പരമ്പരയില്‍ മുപ്പതിലേറെപ്പേരാണ് മരിച്ചത്. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നിരവധി പേര്‍ക്ക് കാലുകളാണ് നഷ്ടപ്പെട്ടത്.
മൂന്നു ഭീകരരില്‍ രണ്ടു പേര്‍ ചാവേറുകളായിരുന്നു. രക്ഷപ്പെട്ട ഭീകരനു വേണ്ടി തെരച്ചില്‍ തുടരുകയാണ്. റെയ്ഡിനിടെ നഗരത്തിലെ ഒരു ഫഌറ്റില്‍ നിന്ന് ഒരു ബോംബും ബോംബു നിര്‍മ്മിക്കാനുള്ള രാസവസ്തുക്കളും ഐഎസ് പതാകയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഭീകരരെന്ന് കരുതുന്നവരെ വിമാനത്താവളത്തില്‍ എത്തിച്ച ടാക്‌സിഡ്രൈവര്‍ നല്‍കിയ സൂചനകളാണ് പോലീസിന് സഹായകമായത്. ഭീകരരുടെ ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൊപ്പി ധരിച്ച ഒരാള്‍ വലിയൊരു ബാഗ് ട്രോളിയില്‍ വച്ച് തള്ളിക്കൊണ്ടു പോകുന്നത് അതില്‍ കാണാം. ഇയാള്‍ക്കൊപ്പം രണ്ടു പേരുമുണ്ട്. ഇവര്‍ മൂന്നുപേരും ഭീകരരാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.
സ്‌ഫോടന സമയത്ത് ഒരാള്‍ പുറത്തേക്ക് ഓടിപ്പോകുന്നത് ചിലര്‍ കണ്ടിട്ടുണ്ട്. ഇയാള്‍ നിന്നിരുന്ന സ്ഥലത്തു നിന്ന് ഫയര്‍ ബ്രിഗേഡ് ബോംബ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ പാരീസാക്രമണക്കേസിലെ മുഖ്യപ്രതി സലാ അബ്ദുസലേമിന് ബ്രസല്‍സ് ആക്രമണത്തെപ്പറ്റി വിവരമുണ്ടായിരുന്നോയെന്ന് വ്യക്തമായിട്ടില്ല.
അതിനിടെ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീകരാക്രണം നടത്തുമെന്ന് ഐഎസ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇസഌമിക് സ്‌റ്റേറ്റിന് എതിരെ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വരാനിരിക്കുന്നത് ഇരുണ്ടനാളുകളാണ്, അവര്‍ അനുഭവിക്കും. ഐഎസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ബ്രസല്‍സ് ആക്രമണത്തിന്റെ വിജയത്തില്‍ സന്തോഷിച്ച് ഐഎസുകാര്‍ മധുരം വിതരണം ചെയ്യുന്നതിന്റെ ഫോട്ടോകളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.
ബോംബുകള്‍ ബാഗില്‍
ഐഎസ് ഭീകരര്‍ ബോംബുകള്‍ ഒളിപ്പിച്ചത് ബാഗുകളിലെന്ന് സൂചന. സ്യൂട്ട്‌കേസുകളുമായി ടാക്‌സികളിലാണ് അവര്‍ വന്നത്. ബോംബുകള്‍ ബാഗുകളിലായിരുന്നു. സെവന്റം മേയര്‍ ഫ്രാന്‍സിസ് വെര്‍മെയ്‌രന്‍ പറഞ്ഞു. ട്രോളികളിലാണ് സ്യൂട്ട്‌കേസുകള്‍ വച്ചിരുന്നത്. രണ്ടെണ്ണം പൊട്ടി. മൂന്നാമത്തെത് പൊട്ടിയില്ല. അദ്ദേഹം പറഞ്ഞു. ഭീകരരില്‍ പ്രധാനിയെന്ന് കരുതപ്പെടുന്നയാള്‍ വെള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ജാക്കറ്റും ഇരുണ്ട തൊപ്പിയും ധരിച്ച ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. ഇയാള്‍ക്കു വേണ്ടി പോലീസ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവിട്ടു. വിമാനത്താവളത്തിലെ സ്‌ഫോടനത്തില്‍ 14 പേരും മെട്രോയിലെ സ്‌ഫോടനത്തില്‍ 20 പേരുമാണ് കൊല്ലപ്പെട്ടത്.
















